|    May 30 Tue, 2017 7:09 am
FLASH NEWS

മുഖ്യമന്ത്രി ഇരുമ്പുമറയ്ക്കുള്ളില്‍ ഇരിക്കുന്നയാളല്ല: മന്ത്രി

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ഇരുമ്പുമറയ്ക്കുള്ളില്‍ ഇരിക്കുന്നയാളല്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ഏറ്റവും നന്നായി പെരുമാറുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നും മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കുന്നില്ല എന്നു പറയുന്നത് ശരിയല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. അറിയേണ്ട കാര്യങ്ങളെല്ലാം എല്ലാവരെയും അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അകന്നുനില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയോട് ഏതു സമയത്തും ചോദ്യംചോദിക്കാം. എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ പേരില്‍
മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ല മുഖ്യമന്ത്രി ചെയ്യുന്നത്. ശരി ചെയ്തിട്ട് മാധ്യമങ്ങളുടെ അടുത്ത് വരാതിരിക്കുകയാണ്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ പരാതിയെക്കുറിച്ചു മുഖ്യമന്ത്രിക്കും അറിവുള്ളതാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ശൈലിയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന് മനസ്സിലാക്കണം. ജനങ്ങള്‍ സംതൃപ്തരാണോ എന്നാണ് നോക്കേണ്ടത്.
ഭരണപരമായ വീഴ്ചകള്‍ വല്ലതുമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെടാതെ നോക്കിനില്‍ക്കാറില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. വനിതാമന്ത്രിയോടും സിപിഎമ്മുകാരനായ ജനപ്രതിനിധിയോടും മുഖ്യമന്ത്രി രോഷാകുലനായി പെരുമാറിയെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു വാര്‍ത്ത എങ്ങനെ വന്നുവെന്നറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന ആളാണ് മുഖ്യമന്ത്രിയെന്നും ഇത്തരമൊരു അവസ്ഥയ്ക്ക് സാധ്യതയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി റേഡിയോയിലൂടെ ആശയവിനിമയം നടത്തിയത് തെറ്റല്ല. സാധാരണക്കാര്‍ ഒരുപാടുപേര്‍ കേള്‍ക്കുന്ന മാധ്യമമാണ് റേഡിയോ. കൃഷിവകുപ്പും റേഡിയോ പരിപാടികള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day