|    Oct 17 Tue, 2017 5:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി അക്രമത്തിനും അറുകൊലക്കും നേതൃത്വം നല്‍കുന്നു: ബിജെപി

Published : 13th October 2016 | Posted By: SMR

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍  അക്രമത്തിനും അറുകൊലക്കും നേതൃത്വം നല്‍കുന്നുവെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം ആയുധം താഴെ വയ്ക്കാന്‍ തയ്യാറല്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പിണറായിയില്‍ നടന്ന അതിദാരുണ കൊലപാതകമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്നയാളാണ് ബിഎംഎസ് പ്രവര്‍ത്തകനായ കൊല്ലപ്പെട്ട രജിത്ത്. ഇയാളുടെ അച്ഛന്‍ ഉത്തമനെയും വര്‍ഷങ്ങള്‍ക്ക് മുമ്പ്  സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മകനെയും കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടുംകൂടി നടത്തിയ കൊലപാതകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം ഈ ഭാഗത്തുള്ള ബിജെപി പ്രവര്‍ത്തകരുടെ 32ഓളം വീടുകളാണ് തകര്‍ത്തത്. അന്ന് തകര്‍ത്തതില്‍ രജിത്തിന്റെ വീടും ഉള്‍പ്പെടും. ബിജെപിയുടെ ഭാഗത്തുനിന്ന് ഇതിനെതിരേ യാതൊരു തിരിച്ചടിയും നടത്തിയിരുന്നില്ല. എന്നിട്ടും വീണ്ടും ഒരു ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ക്രിമിനല്‍ മാനസികാവസ്ഥയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയിലേക്ക് പിണറായി മാറിയിട്ടില്ല. സ്വന്തം നാട്ടിലുള്ളവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ രാജ്യത്തെ  ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനാവും.  ഇതുവരെ നടന്ന കൊലപാതകത്തിലൊന്നും പ്രതികളെ പിടികൂടാനായില്ല.
ബിജെപിയെ മാത്രമല്ല; എല്ലാ രാഷ്ട്രീയ എതിരാളികളെയും ഇവര്‍ കൊന്നൊടുക്കുകയാണ്. വീടുകള്‍ തകര്‍ത്തിട്ട് കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഒരു കൈയില്‍ ക്രിമിനല്‍ സംഘവും മറു കൈയില്‍ പോലിസുമാണ്. ഒന്നുകില്‍ ഇദ്ദേഹം പോലിസ് വകുപ്പ് ഒഴിയണം അല്ലെങ്കില്‍ അക്രമം അവസാനിപ്പിക്കണം. ആശ്രിത നിയമനത്തിന്റെ പേരില്‍ ഇവരുടെ നിലനില്‍പ്പ്തന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മാധ്യമ ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകം. അണികളെ ആയുധവല്‍ക്കരിച്ച് വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണിത്. കണ്ണൂരിലെ ജനങ്ങളെ അക്രമത്തില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം വേണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക