മുഖ്യമന്ത്രിയോട് ചിത്രലേഖ ചോദിക്കുന്നു; നിങ്ങള്‍ക്കെന്നെ കൊന്നൂടേ
Published : 7th April 2018 | Posted By: kasim kzm
കണ്ണൂര്‍: ഇനിയും ജീവിക്കാന്‍ വിടുന്നില്ലെങ്കില്‍ സഖാവ് പിണറായി, തന്നെയും കുടുംബത്തെയും കൊന്നിട്ട് ശവം പച്ചയ്ക്കു തിന്നുകൂടേ… ഈ ചോദ്യം ജാതിവിവേചനത്തിനെതിരേ പോരാടുന്ന ഒരു പെണ്പോരാളിയുടേതാണ്; സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമത്തിലെ ബഹിഷ്കരണത്തിനെതിരേ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖയുടേത്.
ചിത്രലേഖയ്ക്ക് വീടുവയ്ക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്കിയ അഞ്ചു സെന്റ് ഭൂമി എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് പുതിയ സംഭവം. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളി സിന്‍ഡിക്കേറ്റ് ബാങ്കിന് സമീപം രണ്ടുവര്‍ഷം മുമ്പ് സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കുന്നതായി റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് ഉത്തരവിറക്കി. സന്നദ്ധസംഘടനയുടെ സഹായത്തോടെ അഞ്ചു സെന്റില്‍ വീടുപണി പുരോഗമിക്കവെയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനം.
പയ്യന്നൂര്‍ എടാട്ട് ആറു സെ ന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായുണ്ടെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് സ്ഥലം അനുവദിച്ചതെന്നുമാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, എടാട്ടെ ഭൂമി അമ്മൂമ്മയ്ക്ക് സര്‍ക്കാരില്‍നിന്ന് പതിച്ചുകിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ വിശദീകരിക്കുന്നു. നഴ്സായിരുന്ന ചിത്രലേഖ 2004 ഒക്ടോബറിലാണ് ഓട്ടോറിക്ഷ വാങ്ങിയത്. സഹായത്തിനായി തിയ്യസമുദായക്കാരനും സിപിഎം കുടുംബാംഗവുമായ ഭര്‍ത്താവ് ശ്രീഷ്കാന്ത് ഒപ്പമുണ്ടായിരുന്നു. അന്നുമുതല്‍ പ്രശ്നങ്ങളും തുടങ്ങി. എടാട്ട് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി സിഐടി യൂനിയന്റെ മെംബര്‍ഷിപ്പിന് അപേക്ഷ നല്കി. മാസങ്ങള്‍ക്കു ശേഷമാണ് മെംബര്‍ഷിപ്പ് നല്‍കിയത്. അങ്ങനെ എടാട്ട് സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയപ്പോള്‍ സഹപ്രവര്‍ത്തകരുടെ ജാതീയമായ അവഹേളനമായിരുന്നു. ബഹിഷ്കരണത്തിനു പിന്നാലെ അക്രമങ്ങളും അരങ്ങേറി.
മുമ്പ് ഓട്ടോ തീവച്ചു നശിപ്പിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളും പൗരാവകാശപ്രവ ര്‍ത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിച്ചു. ഇതോടെ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാത്ത സാഹചര്യമായി. നീതിക്കു വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിനു മുമ്പിലും പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിലും സമരം ചെയ്തു. തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാട്ടാമ്പള്ളിയില്‍ അഞ്ചു സെ ന്റ് അനുവദിച്ചത്. കെ എം ഷാജി എംഎല്‍എയുടെയും അബൂദബിയിലെ മുസ്ലിം ലീഗ് കൂട്ടായ്മയുടെയും സഹായത്തോടെ വീടുപണി നടക്കുകയാണ്. നിലവില്‍ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണു താമസം.
ഉത്തരവ് വാര്‍ത്തയായതോടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിത്രലേഖയുടെ വീട് ഇന്നു സന്ദര്‍ശിക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.