|    Aug 20 Sun, 2017 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം : ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്ന് സിപിഎം

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘര്‍ഷം അരങ്ങേറുകയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയ സംഭവം വിവാദമാക്കേണ്ടതില്ലെന്നും അത് രാഷ്ട്രീയ എതിരാളികള്‍ക്കാണു ഗുണംചെയ്യുകയെന്നും യോഗം വിലയിരുത്തി. ഗവര്‍ണറുമായി നല്ല ബന്ധമാണ് നിലവില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുലര്‍ത്തുന്നത്. ഇതു തകര്‍ക്കുന്നതിനാണ് എതിരാളികള്‍ വിവാദമുണ്ടാക്കുന്നത്. ഇതില്‍ വീണുപോയാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കായിരിക്കും ഗുണം ലഭിക്കുകയെന്നുമാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനെ പ്രതിപക്ഷം രൂക്ഷമായാണു വിമര്‍ശിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സെക്രട്ടറി കാനവും ഗവര്‍ണറുടെ നിലപാടില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു. ഇതേ നിലപാടാണ് ഇന്നലെ സിപിഎം സ്വീകരിച്ചതെന്നതും ശ്രദ്ധേയം. സെക്രട്ടേറിയറ്റിന് പിന്നാലെ സംസ്ഥാന സമിതി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരുന്നുണ്ട്.സംസ്ഥാനത്തു പലയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളെ കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ആര്‍എസ്എസ്-ബിജെപി നേതൃത്വം മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണെന്നും വിലയിരുത്തി. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍, നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യേണ്ടുന്ന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. മാധ്യമങ്ങളോടു മുഖ്യമന്ത്രി കയര്‍ത്ത സംഭവവും ചര്‍ച്ചയ്ക്കുവന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക