|    Nov 23 Thu, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി : ഗവര്‍ണര്‍ക്കെതിരേ കോടിയേരി

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റ് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും അതില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും  ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂര്‍ണവും സൗഹാര്‍ദപരവുമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കി.  അതേസമയം,  ഗര്‍ണറുടെ നടപടിയെ സിപിഎം കാണുന്നത് രണ്ട് തലത്തിലാണ്. മുന്നണിക്കകത്ത് മാത്രമല്ല പാര്‍ട്ടിക്കത്തും ഗവര്‍ണറുടെ നടപടി തെറ്റെന്ന് വാദിക്കുന്നവരുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന സമിതി യോഗത്തിലും കടുത്ത വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ഗവര്‍ണറുടെ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രിയും ഗവര്‍ണറുമായി നിലവില്‍ നല്ല ബന്ധമാണെന്നും പാര്‍ട്ടി വിലയിരുത്തി. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ അനുകൂലിച്ചായിരുന്നതിനാല്‍ ഇന്നലെ വൈകീട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരേയുള്ള നിലപാട് മയപ്പെടുത്തിയാണ് കോടിയേരി പ്രതികരിച്ചത്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ശ്രമിക്കുന്നത് ബിജെപിയാണെന്നും കോടിയേരി പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക