|    Jan 22 Sun, 2017 7:26 am
FLASH NEWS

മുഖ്യമന്ത്രിയെത്തി; പി കെ രാഗേഷ് വഴങ്ങിയേക്കും

Published : 12th April 2016 | Posted By: SMR

കണ്ണൂര്‍: കോര്‍പറേഷനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിമതഭീഷണിയുയര്‍ത്തിയ പി കെ രാഗേഷ് കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങിയേക്കും. ഇന്നലെ മുഖ്യമന്ത്രിയുമായി അര മണിക്കൂറോളം പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കിയത്. കാസര്‍കോട്ടേക്കുള്ള വഴിമധ്യേ ഇന്നലെ രാവിലെ ആറോടെ മാവേലി എക്‌സ്പ്രസ്സിലാണ് കണ്ണൂരിലെത്തിയത്. തുടര്‍ന്നാണ് പി കെ രാഗേഷുമായി ചര്‍ച്ച നടത്തിയത്. മറ്റാരെയും മുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
ഈ സമയം ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ മന്ത്രി കെ സി ജോസഫ്, കെ എം ഷാജി എംഎല്‍എ, സതീശന്‍ പാച്ചേനി, അമൃതാ രാമകൃഷ്ണന്‍ എന്നിവരും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, സി രഘുനാഥ്, എം പി മുഹമ്മദലി തുടങ്ങിയവരുംഗസ്റ്റ്ഹൗസിലെത്തിയിരുന്നു. ചില ആവശ്യങ്ങള്‍ പരിഹരിച്ച് രാഗേഷിനെയും അനുകൂലികളെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായി മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായാണു സൂചന. രണ്ടുദിവസത്തിനകം മറുപടി അറിയിക്കാമെന്നു പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
അതേസമയം, ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മറ്റ് സംഭവങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നുമാണ് പി കെ രാഗേഷ് പറഞ്ഞത്. മുഖ്യമന്ത്രി എല്ലാം മൂളിക്കേള്‍ക്കുകയായിരുന്നു. മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി തിരുവനന്തപുരത്ത് പോയി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെയും നേരില്‍ കാണുന്നത്. അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ ബാനറില്‍ അഴീക്കോടും കണ്ണൂരും സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെയും പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെയും പുനസംഘടനയാണ് പ്രധാനമായും രാഗേഷിന്റെ ആവശ്യം. 18ന് കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വീണ്ടും മുഖ്യമന്ത്രി എത്തുന്നുണ്ട്.
ഇതിനിടയില്‍ വിമത നീക്കത്തില്‍ നിന്നും രാഗേഷിനെ പിന്തിരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വം കൈക്കൊള്ളുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ പി കെ രാഗേഷ് വിമതനീക്കത്തില്‍ നിന്നു പിന്‍മാറി നേതൃത്വത്തിനു വഴങ്ങിയേക്കുമെന്നു തന്നെയാണു സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 447 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക