|    Nov 19 Mon, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അന്നമനടയില്‍ സന്ദര്‍ശനം നടത്തി

Published : 9th April 2018 | Posted By: kasim kzm

മാള: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ അന്നമനടയില്‍ സന്ദര്‍ശനം നടത്തി. ചാലക്കുടി പുഴമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് അന്നമനട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് ശാസ്ത്ര ഉപദേഷ്ടാവ് അന്നമനടയില്‍ സന്ദര്‍ശനം നടത്തിയത്.
കാതിക്കൂടം നിറ്റ ജലാറ്റില്‍ കമ്പനിയുടെ മാലിന്യ പൈപ്പുകള്‍ ചാലക്കുടി പുഴയിലേക്ക് സ്ഥാപിച്ചതാണു പുഴയില്‍ നിറവ്യത്യാസം ഉണ്ടാവാന്‍ കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ചാലക്കുടി പുഴയിലെ അന്നമനട ഭാഗത്തുനിന്ന് പരിശോധനയ്ക്കായി ജലം ശേഖരിച്ചു. കാടുകുറ്റി മുതല്‍ പുത്തന്‍വേലിക്കര വരെയുള്ള പഞ്ചായത്തുകളിലെയും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ക്കായുള്ള ശുദ്ധജല വിതരണ പദ്ധതികള്‍ക്കായി നേരിട്ട് ആശ്രയിക്കുന്നത് ചാലക്കുടി പുഴയെയാണ്. കാര്‍ഷിക മേഖലയിലേക്കുള്ള ജലവിതരണവും ഈ പുഴയില്‍ നിന്നും ഒരുക്കുന്നുണ്ട്.
ഈ പദ്ധതികളുടെയെല്ലാം പമ്പിങ് സ്‌റ്റേഷനുകള്‍ സ്ഥിതിചെയ്യുന്നത് ചാലക്കുടി പുഴയുടെ ഭാഗമായ അന്നമനട ഭാഗത്താണ്. ഈ പുഴ പ്രദേശം കാതിക്കുടത്തു പ്രവര്‍ത്തിക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നു വരുന്ന രാസ ഖര മാലിന്യം മുഖാന്തരം നിരന്തരമായി മലിനപ്പെടുന്നുവെന്ന പരാതി ശക്തമായി തുടരുകയാണ്. ഒരു അനുമതിയുമില്ലാതെ രണ്ട് കോടിയിലധികം ലിറ്റര്‍ പുഴവെള്ളം ദിനംപ്രതി കമ്പനിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതിനാല്‍ വേനല്‍ക്കാലങ്ങളില്‍ ശുദ്ധജല വിതരണ സംവിധാനത്തിന് ദോഷമായി ഭവിക്കുമെന്ന് ആക്ഷേപമുണ്ട്. ചാലക്കുടി പുഴ മലിനീകരണത്തിനെതിരേ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ സന്ദര്‍ശനത്തെ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.
ചാലക്കുടി പുഴയിലേക്ക് സ്ഥാപിച്ചിട്ടുള്ള നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യ പൈപ്പ് എടുത്തുമാറ്റാനുള്ള നടപടിക്ക് വഴിതെളിക്കുന്ന റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, കാടുകുറ്റി, പാറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റ് കെ കെ രവി നമ്പൂതിരി എന്നിവര്‍ പ്രശ്‌നത്തിന്റെ ഗൗരവം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ നിരവധി ആളുകള്‍ ആക്ഷേപങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss