|    Apr 24 Mon, 2017 5:06 am
FLASH NEWS

മുഖ്യമന്ത്രിയുടെ വീടിനടുത്ത് 20ഓളംകുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തില്‍

Published : 17th November 2016 | Posted By: SMR

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പാണ്ട്യാല പറമ്പിലെ 20 ഓളം വീട്ടുകാര്‍ക്ക് ജല അതോറിറ്റി പൈപ്പ് കണക്ഷന്‍ നല്‍കാത്തതിനാല്‍ കുടിവെള്ള വിതരണം ആശങ്കയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി അപേക്ഷ നല്‍കി പൈപ്പ് കണക്ഷന് കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. വേങ്ങാട് നിന്നുള്ള ഗ്രാവിറ്റി കണക്്ഷന്‍ നല്‍കാത്തതിനാലാണ് പൈപ്പ് കണക്ഷന്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പിണറായി, ഓലയമ്പലം, പടന്നക്കര ഭാഗങ്ങളില്‍ ജല അതോറിറ്റി പൈപ്പ് കണക്്ഷന്‍ നല്‍കിയിട്ടുമുണ്ട്. പിണറായി-വേങ്ങാട് പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമാണ് പാണ്ട്യാലപറമ്പ്. എട്ടുകോടി രൂപ ചെലവില്‍ കൊടുവള്ളി-അഞ്ചരക്കണ്ടി റോഡ് പുനര്‍ നിര്‍മിച്ച ശേഷം കുടിവെള്ള പൈപ്പിനായി റോഡ് കീറി മുറിക്കാന്‍ പിഡബ്ല്യുഡി എന്‍ജിനീയറിങ് വിഭാഗം അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്. ഇതിന്റെ ചുവടുപിടിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ റോഡ് കുറുകെ കീറുന്നതിന് ജല അതോറിറ്റി വിഭാഗത്തിനു അനുമതി നല്‍കാത്തതും കണക്്ഷന്‍ നല്‍കുന്നതിന് തടസ്സമായി. അതേസമയം തന്നെ പിണറായിയിലെ ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് റോഡ് കുറുകെ മുറിക്കുകയും ചെയ്തിട്ടുണ്ട്.    ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേങ്ങാട് പഞ്ചായത്തില്‍പ്പെടുന്ന പാണ്ട്യാലപ്പറമ്പ് 12ാം വാര്‍ഡില്‍ നിന്നു കുടിവെള്ള പൈപ്പ് കണക്ഷന് അനുമതി നല്‍കിയവര്‍ ശുദ്ധജലവിതരണം നടത്താന്‍ സ്ഥാനാര്‍ഥിക്ക് എന്ത് ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് അന്വേഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നായിരുന്നു സ്ഥാനാര്‍ഥി ഉറപ്പുനല്‍കിയത്.എന്നാല്‍ ഉറപ്പെല്ലാം പാഴായെന്നു മാത്രമല്ല, പൈപ്പ് കണക്ഷനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല. തുലാവര്‍ഷം ചതിച്ചതില്‍ പിന്നീട് കിണര്‍ വെള്ളത്തിന്റെ ലഭ്യതയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൈപ്പ് കണക്ഷന് അപേക്ഷ നല്‍കിയ കുടുംബങ്ങളില്‍പെട്ടവര്‍ ആശങ്കയിലാണ്. ഇതേക്കുറിച്ചു ജല അതോറിറ്റി വിഭാഗം എന്‍ജിനീയറോട് അന്വേഷിച്ചപ്പോള്‍ തങ്ങളുടെ ഭാഗത്ത് നിന്നു കാലതാമസം ഉണ്ടായിട്ടില്ലെന്ന വിചിത്ര മറുപടിയാണു നല്‍കിയത്. ഇതു വിവാദമായതോടെ ഇന്നലെ രാവിലെ മുതല്‍ പാണ്ട്യാലമുക്ക് മുതല്‍ പൈപ്പ് സ്ഥാപിക്കാനായി ജല അതോറിറ്റി ഇതര സംസ്ഥാന തൊഴിലാളികളെ രംഗത്തിറക്കിയിരിക്കുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day