|    Sep 24 Sun, 2017 2:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ വാദം തള്ളി സൈബര്‍സെല്‍ കണ്ടെത്തല്‍

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജയില്‍സുരക്ഷയില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. നിസാമിനെ ബംഗളൂരുവിലെ കോടതിയില്‍ കൊണ്ടുപോകവെയാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍, നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പല ഫോണുകളിലായി രണ്ടു സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി സൈബര്‍സെല്‍ പരിശോധനയില്‍ കണ്ടെത്തി. 8769731302, 9746576553 എന്നീ നമ്പറുകളാണ് ഉപയോഗിച്ചത്. രാജസ്ഥാന്‍, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് എടുത്ത സിംകാര്‍ഡുകളാണിവ. പത്തോളം ഫോണുകളുടെ ഐഎംഇഐ നമ്പറുകളും പരിശോധനയില്‍ ലഭിച്ചു.
പതിനായിരത്തോളം കോളുകള്‍ ഒരു സിംകാര്‍ഡില്‍നിന്നും എണ്ണായിരത്തോളം കോളുകള്‍ രണ്ടാമത്തെ സിം കാര്‍ഡില്‍നിന്നും വിളിച്ചിട്ടുണ്ട്. നിസാമിനെ കണ്ണൂരിലെത്തിച്ച ഇക്കഴിഞ്ഞ ജനുവരി മുതല്‍ രണ്ടായിരത്തിലധികം കോളുകള്‍ നിസാം വിളിച്ചു.
ക്രിമിനല്‍ അഭിഭാഷകര്‍, ബിസിനസുകാര്‍, ഗുണ്ടാ നേതാക്കള്‍ എന്നിവരുമായും പ്രതി ബന്ധപ്പെട്ടു. കൂടാതെ, ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് കടവി രഞ്ജിത്തിനെയും പലതവണ വിളിക്കുകയുണ്ടായി. പലതും  ദൈര്‍ഘ്യമേറിയ വിളികളായതിനാല്‍ ജയില്‍ ജീവനക്കാരുടെ അറിവോടെയാണെന്നാണ് വിലയിരുത്തല്‍. ഫോണുകള്‍ ആരെങ്കിലും പുറത്തുനിന്ന് എത്തിക്കാനുള്ള സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹോദരങ്ങള്‍ പോലിസില്‍ പരാതി നല്‍കുകയുണ്ടായി. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ജയില്‍ ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു. നിസാം ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത്. ഇതാണ് നിയമസഭയില്‍ ഇന്നലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചത്.
എന്നാല്‍, സൈബര്‍സെല്ലിന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയതുമില്ല. അതേസമയം, നിസാമിന്റെ സഹോദരങ്ങള്‍ നല്‍കിയ പരാതിയില്‍ തൃശൂര്‍ അന്തിക്കാട് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി പിന്‍വലിച്ചെങ്കിലും ഇവരുടെയും നിസാമിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെയും മൊഴി വീണ്ടുമെടുക്കാനാണ് തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക