|    Nov 17 Sat, 2018 5:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതം: ദലിത് സംഘടനകള്‍

Published : 7th August 2018 | Posted By: kasim kzm

കോട്ടയം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായ ബൈപാസ് അലൈന്‍മെന്റിനെതിരേ സമരം ചെയ്യുന്ന കീഴാറ്റൂര്‍-തുരുത്തി സമരസമിതി നേതാക്കളെ മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ചയ്ക്കു വിളിച്ചത് ഫെഡറലിസത്തിന് എതിരാണെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നു വിവിധ ദലിത് സംഘടനാ നേതാക്കള്‍.
ബൈപാസ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തു നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. കൃഷിഭൂമിയും വാസസ്ഥലവും നഷ്ടമാവുന്ന സാധാരണ മനുഷ്യര്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും ഭൂമാഫിയകളുടെയും പാര്‍ട്ടി വിഐപികളുടെയും താല്‍പര്യത്തിനെതിരേ ഒരു നിലപാടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ദലിത് കോളനികള്‍ തുടച്ചുനീക്കി റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്കു വേണ്ടിയാണ് അലൈന്‍മെന്റുണ്ടാക്കിയത്. പി കെ ശ്രീമതി എംപിയും ഇ പി ജയരാജന്‍ എംഎല്‍എയും സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണു പ്രവര്‍ത്തിച്ചതെന്നും സംഘടനാനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തുരുത്തി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ടായിട്ടും ദേശീയപാതാ അതോറിറ്റി 3ഡി വിജ്ഞാപനം പുറപ്പെടുവിക്കുകയാണു ചെയ്തത്. ഇതിനു ശേഷമാണ് പരാതിയുമായി കേന്ദ്രത്തെ സമീപിക്കുന്നത്. അലൈന്‍മെന്റില്‍ മാറ്റംവരുത്തുന്ന ഘട്ടത്തില്‍ മാത്രമേ കേന്ദ്രത്തിനു സംസ്ഥാന സര്‍ക്കാരിനെ ചര്‍ച്ചയ്ക്കു വിളിക്കേണ്ടതുള്ളൂ. കീഴാറ്റൂര്‍-തുരുത്തി പ്രക്ഷോഭത്തില്‍ ഫെഡറലിസത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്കു യാതൊരവകാശവുമില്ല. ഫെഡറലിസത്തിന്റെ അന്തസ്സത്ത ഒരിക്കലും അംഗീകരിച്ചവരല്ല മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ഭൂപരിഷ്‌കരണ കാലഘട്ടത്തില്‍ ദലിത്-ആദിവാസികളെ ജാതിക്കോളനികളിലേക്ക് തള്ളിമാറ്റിയെന്ന് മാത്രമല്ല, രാജമാണിക്യം റിപോര്‍ട്ട് അട്ടിമറിച്ച് രണ്ടാം ഭൂപരിഷ്‌കരണ സാധ്യതയും അട്ടിമറിച്ചിരിക്കുകയാണ്. ഹിന്ദുത്വവാദികളുടെ മുന്നില്‍ ഇടതുപക്ഷം മുട്ടുമടക്കിയതിന്റെ ഫലമായാണു കേരളത്തില്‍ പാര്‍ശ്വവല്‍കൃതരായ ദലിതരും ആദിവാസികളും സമരവഴി തിരഞ്ഞെടുത്തിരിക്കുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍, കെപിഎംഎസ് പ്രസിഡന്റ് പി എം വിനോദ്, ആദിജനസഭാ നേതാവ് സി ജെ തങ്കച്ചന്‍, എസ്എംഎസ് നേതാവ് ടി പി കുട്ടപ്പന്‍, മലവേടന്‍ നേതാവ് ഇ കെ സാബു പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss