|    Nov 24 Fri, 2017 12:02 am
FLASH NEWS

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി

Published : 29th October 2016 | Posted By: SMR

തൃശൂര്‍:  കലക്ടറേറ്റിന് മുന്നിലെ മരത്തില്‍ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്‌നിശമന സേന യും പോലിസും ചേര്‍ന്ന് താഴെയിറക്കി. ചാലക്കുടി സ്വദേശി മാത്തു വടാശേരിയെയാണ് കലക്ടറേറ്റിന് മുന്നിലെ പാര്‍ക്കിനു സമീപമുള്ള മരത്തില്‍ ഇന്നലെ രാവിലെ 11.45ഓടെ കൈയില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യക്കായി കയറിയത്. കേരളത്തിലെ ക്രമസമാധാനം തകര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീനും രാജിവയ്ക്കുക കേരളത്തിലെ ക്രമസമാധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആത്മഹത്യാശ്രമം. ആവശ്യങ്ങളെഴുതിയ നോട്ടീസുകള്‍ ഇയാള്‍ വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയേയും മറ്റും ജയിലില്‍ അയക്കാനുള്ള ജീവീന്‍മരണ പോരാട്ടമാണ് ഈ നടത്തുന്നതെന്നും മുഖ്യമന്ത്രി, ഡിജിപി, സഹകരണ മന്ത്രി എന്നിവരോട് മാത്രമേ താന്‍ സംസാരിക്കുവെന്നാണ്  ഇയാള്‍ പറഞ്ഞത്. ആത്മഹത്യാഭീഷണി മുഴക്കിയ ആളെ കാണാന്‍ നിരവധിപേരാണ് മരത്തിനു ചുവട്ടില്‍ തടിച്ചുകൂടിയത്. വിവരമറിഞ്ഞ് പോലിസും അഗ്‌നിശമന സേന  യും സ്ഥലത്തെത്തി. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ അഗ്‌നിശമന സേന  അംഗങ്ങള്‍ മരത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ശരീരത്തിലേക്ക് പെട്രോളൊഴിച്ചു. തുടര്‍ന്ന് മരത്തില്‍ കയറിയിവരുടെ ശരീരത്തിലേക്കും പെട്രോളൊഴിച്ചു. ഇതേ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ മരത്തിന് കീഴെ വല വിരിച്ച് മുകളിലിരിക്കുന്നയാള്‍ തീകൊടുക്കുമെന്ന ഭീതിയില്‍ വെള്ളമടിക്കാന്‍ തീരുമാനിച്ചത്. ശക്തിയായി വെള്ളം ചീറ്റിച്ച് അഗ്‌നിശമന സേന   അംഗങ്ങള്‍ മരത്തില്‍ കയറി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് താഴെ വിരിച്ചിരുന്ന വലയില്‍ വീഴ്ത്തിയാണ് ഇയാളെ താഴെയെത്തിച്ചത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ വെട്ടുകത്തിയുണ്ടായിരുന്നു. മരത്തിനു മുകളിലിരിക്കുന്നത് മറ്റുള്ളവര്‍ കാണുന്നതിനായി വെട്ടുകത്തിയെടുത്ത് മരച്ചില്ലകള്‍ ഇയാള്‍ വെട്ടിമാറ്റുകയും ചെയ്തു. വെസ്റ്റ് സിഐ രാജു. എസ്‌ഐ സിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക