|    Jun 23 Fri, 2017 1:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണി: ഭൂമാഫിയാസംഘം പിടിയില്‍; പിടിയിലായവരില്‍ ഡിവൈഎഫ്‌ഐ നേതാവും

Published : 20th October 2016 | Posted By: SMR

pinarayi-vijayan

കൊച്ചി: എറണാകുളം ബ്രോഡ്‌വേയില്‍ ബിസിനസ് നടത്തുന്ന പച്ചാളം സ്വദേശിനിക്ക് വീടും സ്ഥലവും വില്‍പന നടത്തിയശേഷം മുഖ്യമന്ത്രിയുടെ ആളുകളാണെന്നു പറഞ്ഞ് വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത സംഘത്തെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് മല്ലിശ്ശേരി വീട്ടില്‍ സിദ്ദീഖ് എന്ന കറുകപ്പിള്ളി സിദ്ദീഖ്(35), ഇടപ്പള്ളി പാതുപ്പിള്ളി വീട്ടില്‍ കമാലുദ്ദീന്‍(43), തൃശൂര്‍ സ്വദേശി ജോഷി(48), ഇടപ്പള്ളി നോര്‍ത്ത് എളമക്കര വിച്ചാണ്ടി വിച്ചന്‍ എന്ന വിന്‍സെന്റ്(39), അജയകുമാര്‍(44), തലയോലപ്പറമ്പ് സ്വദേശി നിയാസ്(25), തമ്മനം കോതാടത്ത് വീട്ടില്‍ ഫൈസല്‍(42) എന്നിവരെയാണ്  സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതി കമാലുദ്ദീന്റെ വീടും അഞ്ചു സെന്റ് സ്ഥലവും ഒരുകോടിരൂപയ്ക്ക് പരാതിക്കാരിക്ക് വില്‍പന നടത്താമെന്ന് സമ്മതിച്ച് 50 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ബാക്കി തുക ഗഡുക്കളായി നല്‍കിയാല്‍ മതിയെന്നു പറഞ്ഞ് വസ്തു രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ശേഷം കമാലുദ്ദീനും സിദ്ദീഖ്, വിന്‍സെന്റ്, അജയകുമാര്‍, നിയാസ്, അസീസ്, ഫൈസല്‍ എന്നിവരും ചേര്‍ന്ന് പരാതിക്കാരിയുടെ സ്ഥാപനത്തിലും താമസസ്ഥലത്തും കയറി സ്ഥലത്തിന് കൂടുതല്‍ വില നല്‍കണമെന്നും ഇല്ലെങ്കില്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി പരാതിക്കാരിയുടെ 4,000 സ്‌ക്വയര്‍ ഫീറ്റ് വീടും  സ്ഥലവും എഴുതിവാങ്ങുകയും കാറ് പണയം വയ്പ്പിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് യുവതി ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
കമാലുദ്ദീനും ഗുണ്ടകളും  തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആള്‍ക്കാരാണെന്ന് പറയാറുള്ളതായും യുവതി പരാതിയില്‍ പറയുന്നു.അതേസമയം, സിദ്ദീഖിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക