|    Dec 18 Mon, 2017 10:48 am
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: സുധീരന്‍

Published : 15th October 2016 | Posted By: SMR

ആലപ്പുഴ: ബന്ധുനിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജന് രാജിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുംതന്നെയില്ലായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.  ജയരാജന്റെ നടപടി സ്വാഭാവികമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട നിയമനകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. ബന്ധുനിയമന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും വിജിലന്‍സ് അന്വേഷിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. ജാള്യം മറയ്ക്കാനുള്ള ശ്രമം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാനുള്ള വിജിലന്‍സ് നടപടിയുടെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ ജാള്യം മറയ്ക്കാനാണ് യുഡിഎഫ് നിയമനങ്ങള്‍ അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഏതു തീരുമാനവും അന്വേഷിക്കാം. അതുകൊണ്ട് ഒന്നും നേടാന്‍ പോവുന്നില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബന്ധുനിയമനത്തിന്റെ പേരില്‍ ഇ പി ജയരാജന്‍ രാജിവച്ചത് ശരിയായ നടപടിയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമര്യാദ ഉയര്‍ത്തിപ്പിടിക്കുന്നത്: കാനംന്യൂഡല്‍ഹി: മന്ത്രി ജയരാജന്റെ രാജി രാഷ്ട്രീയമര്യാദ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വജനപക്ഷപാതം അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ വിജിലന്‍സ് ഉചിതമായ നടപടി സ്വീകരിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിജിലന്‍സ് സംവിധാനമല്ല ഇപ്പോഴത്തേത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ആരോപണവിധേയയായ പി കെ ശ്രീമതിക്കെതിരേ സിപിഎം ഉചിതമായ നടപടിയെടുക്കട്ടേയെന്നും കാനം ഡല്‍ഹിയില്‍ പറഞ്ഞു.

മാതൃകാപരം: പി സി ജോര്‍ജ്

കോട്ടയം: അധികാരത്തില്‍ കടിച്ചുതൂങ്ങിനില്‍ക്കാതെ മന്ത്രിപദവി രാജിവച്ചൊഴിഞ്ഞ ഇ പി ജയരാജന്റെ നടപടി മാതൃകാപരമാണെന്ന് പി സി ജോര്‍ജ്. അധികാരത്തിലിരിക്കുന്നവര്‍ സംശയത്തിനതീതരാവണമെന്ന ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുള്ള അംഗീകാരം കൂടിയാണ് രാജിവച്ചതിലൂടെ ജയരാജന്‍ ഉയര്‍ത്തിപ്പിടിച്ചത്.  ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് പോംവഴികള്‍ തേടാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും അഭിനന്ദനാര്‍ഹമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം: ബിജെപി

തിരുവനന്തപുരം: ഇ പി ജയരാജന്‍ രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങള്‍ നടന്നതെന്ന് വിശ്വസിക്കാനാവില്ല. വിജിലന്‍സ് അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss