|    Jan 24 Tue, 2017 4:56 pm
FLASH NEWS

മുഖ്യമന്ത്രിയുടെ നിര്‍ദേശം തള്ളി ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ തര്‍ക്കം

Published : 19th August 2016 | Posted By: SMR

പമ്പ: മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിനു മുന്നോടിയായി ശബരിമലയിലെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പമ്പയില്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍  മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തള്ളി.
തിരക്കു കുറയ്ക്കാന്‍ വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കി തിരുപ്പതി മാതൃക പരീക്ഷിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം.  1000 രൂപയോ 1200 രൂപയോ ആക്കി രണ്ടു തരത്തിലുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിക്കൂടേയെന്നും പിണറായി ചോദിച്ചു. എന്നാല്‍, ഇത്  അംഗീകരിക്കാനാവില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മറുപടി. ദര്‍ശനത്തിന് 500 രൂപയ്ക്ക് മുകളില്‍ പൂജയ്ക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ക്യൂ എന്നതു മാത്രമേയുള്ളൂവെന്നും വിഐപി ക്യൂ സമ്പ്രദായം ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. തിരക്കു കുറയ്ക്കാനായി നട എല്ലാ ദിവസവും തുറക്കുന്നത് ആലോചിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും അംഗീകരിച്ചില്ല. ഇത് നടക്കില്ലെന്നും ആചാരങ്ങളും ചിട്ടകളും പാലിച്ച്  മാത്രമേ നട തുറക്കാന്‍ കഴിയൂ എന്നും പ്രസിഡന്റ് തുറന്നടിച്ചു. ധ്യാനരൂപത്തിലാണ് അയ്യപ്പ പ്രതിഷ്ഠ. ആ ധ്യാനത്തിനു ഭംഗം വരുന്ന തരത്തില്‍ നിത്യദര്‍ശനത്തിനായി നട തുറക്കുന്നത് പ്രായോഗികമല്ല.
ഇന്ത്യയില്‍ ഏതു മതവും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുണ്ട്. ശബരിമലയെ സംബന്ധിച്ച് ഒളിഞ്ഞും തെളിഞ്ഞുമുള്ള കടന്നാക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും പ്രയാര്‍ ആരോപിച്ചു. ഭക്തരുടെ വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നതിനെയും പ്രസിഡന്റ് എതിര്‍ത്തു.
എന്നാല്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതല മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും  മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കിക്കൊള്ളാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഞാനും നിങ്ങളും രാഷ്ട്രീയക്കാരാണ്. പരുക്കനായിട്ടാണ് നിങ്ങള്‍ സംസാരിച്ചത്. ഞാനും ഏതാണ്ട് അങ്ങനെത്തന്നെയാണെന്നാണ് പൊതുവേ പറയുന്നത്’ -പ്രയാറിനെ  ഒപ്പമിരുത്തി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ പിണറായി പറഞ്ഞു. സുരക്ഷ സംബന്ധിച്ച് ഭക്തരെ നിരീക്ഷിക്കുന്നത് ഒഴിവാക്കാനാവില്ല. ചില കാര്യങ്ങള്‍ പോലിസിന് രഹസ്യമായി സൂക്ഷിക്കേണ്ടിയും വരും. ഇതിനെ ചോദ്യം ചെയ്യുന്നതും അറിയണമെന്നു ശഠിക്കുന്നതും ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ചില പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്കു മാത്രമാണ് പ്രവേശന വിലക്കുള്ളതെന്നും അല്ലാതെ മൊത്തത്തില്‍ വിലക്കില്ലെന്നും പ്രയാര്‍ പറഞ്ഞു. സന്നിധാനത്ത് അവലോകനയോഗം നടത്താനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കനത്ത മഴ കാരണം മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ശബരിമല സന്ദര്‍ശനം വേണ്ടെന്നുവയ്ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക