|    Apr 26 Thu, 2018 3:55 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ പരാമര്‍ശം; സഭയില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദം: സഭ സ്തംഭിപ്പിച്ചു

Published : 10th February 2016 | Posted By: SMR

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസും സരിത എസ് നായരുടെ വെളിപ്പെടുത്തലുകളും ഭരണപക്ഷത്തിനെതിരേ ആയുധമാക്കി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സരിതയില്‍നിന്ന് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തി. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഭരണപക്ഷവും ബഹളം തുടങ്ങിയതോടെ പ്രക്ഷുബ്ധാന്തരീക്ഷത്തില്‍ 11 മണിയോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
ഇരുഭാഗത്തെയും കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി ഒരുമണിക്കൂറിനുശേഷം സഭ പുനരാരംഭിച്ചപ്പോള്‍ അടിയന്തരപ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തരപ്രമേയത്തിന് അവതരണാനുമതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിപക്ഷനേതാവിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയതോടെ അംഗങ്ങള്‍ പിന്‍വാങ്ങി.
അതേസമയം, വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് വിഎസ് പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍, സ്പീക്കര്‍ ഇതിന് വഴങ്ങാതിരുന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് സഭ നേരത്തേ പിരിയുകയാണെന്നു പ്രഖ്യാപിച്ചു.
ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തുടങ്ങിയ പ്രതിപക്ഷ ബഹളം ശൂന്യവേളയില്‍ ശക്തിപ്പെടുകയായിരുന്നു. വൈദ്യുതിമന്ത്രി ആര്യാടനെ ചോദ്യോത്തരവേളയില്‍ മറുപടി പറയാന്‍ അനുവദിക്കാതെ പ്രതിപക്ഷം ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആര്യാടനും കോഴ കൊടുത്തെന്ന സരിതയുടെ വെളിപ്പെടുത്തലുകള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്ക് ഹൈക്കോടതി നല്‍കിയ രണ്ടുമാസത്തെ സ്‌റ്റേയുടെ ബലത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നതെന്ന് കോടിയേരി ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്നത് സ്റ്റേ സര്‍ക്കാരാണെന്നും അദ്ദേഹം പരിഹസിച്ചു.
നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയായ ഒരാളുടെ വാക്കുകേട്ട് രാഷ്ട്രീയ പകപോക്കലിന് ഇറങ്ങിയിരിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാരിനെതിരേ വസ്തുനിഷ്ഠമായി ഒരാരോപണവും ഉന്നയിക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വ്യക്തിയുടെ അപൂര്‍ണമായ മൊഴിയെ ആശ്രയിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
ക്ലിഫ്ഹൗസിന്റെ അടുക്കളയില്‍ വരെ കയറിച്ചെല്ലാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നുവെന്നാണ് സരിത പറയുന്നതെന്ന് വി എസ് കുറ്റപ്പെടുത്തി. ക്ലിഫ്ഹൗസിലേക്ക് കടക്കാന്‍ സരിതയ്ക്ക് പാസുപോലും വേണ്ടായിരുന്നു. 2012 ആഗസ്തില്‍ ക്ലിഫ്ഹൗസില്‍ നടത്തിയ പ്രാര്‍ഥനയില്‍ പങ്കെടുത്ത ചുരുക്കം ആളുകളിലൊരാളായിരുന്നു സരിത. മുഖ്യമന്ത്രിയുടെ സഹധര്‍മിണിയെ ശുശ്രൂഷിക്കാനും സരിത തയ്യാറായിരുന്നുവെന്നും വി എസ് ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss