|    Jun 22 Fri, 2018 9:10 am
FLASH NEWS
Home   >  Editpage  >  Editorial  >  

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കള്‍

Published : 30th July 2016 | Posted By: SMR

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രഫ. ഗീത ഗോപിനാഥിനെ നിയമിച്ചതു സംബന്ധിച്ച് ഉയര്‍ന്ന വിവാദം ഇടതുമുന്നണി സര്‍ക്കാരിനെ വീണ്ടും വിവാദക്കുരുക്കില്‍ അകപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമാണ് അവരുടെ നിലപാടുകള്‍ എന്നു പറഞ്ഞ് വി എസ് അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നു. സിപിഎം നേതൃനിരയിലും അണികളിലുമുള്ള നിരവധി പേര്‍ക്ക് ഈ നിയമനം ദഹിച്ചിട്ടില്ല. അതേസമയം, നവലിബറല്‍ നയങ്ങളുടെ വക്താക്കളായ ശശി തരൂര്‍ അടക്കമുള്ളവര്‍ ഗീത ഗോപിനാഥിന്റെ നിയമനത്തെ പ്രകീര്‍ത്തിക്കുന്നു. ഫലത്തില്‍ ഒരു വിഭജനമാണ് ഉണ്ടായിട്ടുള്ളത്; നവലിബറലിസത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍. പിണറായി വിജയന്റെ ഇടതുസര്‍ക്കാര്‍ ആദ്യവിഭാഗത്തില്‍ പെടുന്നു.
പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ ചിന്ത വ്യവസ്ഥാപിത ഇടതുപക്ഷ സമീപനങ്ങളെ തള്ളിക്കളയുന്നു എന്നുതന്നെയാണ് ഗീത ഗോപിനാഥിന്റെ നിയമനത്തില്‍നിന്നു വായിച്ചെടുക്കേണ്ടത്. സൂക്ഷ്മതലത്തില്‍ വിലയിരുത്തിയാല്‍ സിപിഎമ്മിന്റെ നയങ്ങള്‍ നവമുതലാളിത്തത്തോട് രാജിയാവുന്നു എന്നു പറയേണ്ടിയും വരും. ഇടതുമുന്നണി ഭരണകാലത്ത് ബംഗാളില്‍ സിപിഎം ചെയ്തുപോന്നത് ഇതാണ്. വന്‍ കുത്തകക്കമ്പനിയുടെ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുവേണ്ടി കര്‍ഷകരെ ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുത്തു. ഗ്രാമീണ കാര്‍ഷികമേഖലയെ അവഗണിച്ച് നഗരകേന്ദ്രീകൃതമായ വികസനനയങ്ങള്‍ ആവിഷ്‌കരിച്ചു. ഏതാണ്ട് ഇതാണ് കേരളത്തിലും പിന്തുടരുന്ന നയം എന്നാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടനെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകളുടെയെല്ലാം ധ്വനി. വികസനത്തിന്റെ വക്താവായാണ് അദ്ദേഹം നിലയുറപ്പിച്ചത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴും ആതിരപ്പിള്ളി പോലെയുള്ള പദ്ധതികളെപ്പറ്റി പറഞ്ഞപ്പോഴുമൊന്നും വികസനത്തിന്റെ ഇരകളെക്കുറിച്ച് അദ്ദേഹം യാതൊരു  വേവലാതിയും പ്രകടിപ്പിച്ചിട്ടില്ല. സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും കാമ്പുണ്ടെങ്കിലും, ഒരു സ്വകാര്യ മുതലാളിയുടെ ധാര്‍ഷ്ട്യം നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പിണറായി വിജയനെന്ന നവമുതലാളിയാണ് ഇടതുകുപ്പായമിട്ടുനില്‍ക്കുന്നതെന്നു ചുരുക്കം. ഗീത ഗോപിനാഥ് അദ്ദേഹത്തിന്റെ സഹായിയാവുന്നതില്‍ അതിശയം വേണ്ട.
ഇടതുമുന്നണി സര്‍ക്കാര്‍ മര്‍മസ്ഥാനങ്ങളില്‍ ആളുകളെ കുടിയിരുത്തുന്നത് നിരീക്ഷിച്ചാല്‍ മതി പഴയ വീഞ്ഞ് തന്നെയാണ് പുതിയ കുപ്പിയില്‍ എന്നു വ്യക്തമാവാന്‍. പഴയകാലത്ത് എല്‍ഡിഎഫിന് അനഭിമതരായിരുന്ന ആളുകളെ തന്നെ വീണ്ടും പ്രധാന വകുപ്പുകളില്‍ കുടിയിരുത്തുന്നു. ഇടതായാലും വലതായാലും കേരളം ഭരിക്കുന്ന ചില അച്ചുതണ്ടുകളെപ്പറ്റി ജനസംസാരം കലശലാണ്. അതിനെ ശരിവയ്ക്കുന്നതാണ് പിണറായിയുടെ നിലപാടുകള്‍. അതിനെതിരേ വി എസ് അച്യുതാനന്ദന് എന്തുചെയ്യാനാവും?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss