തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി സി ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ഹരജിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മൊഴി നല്കി. ഇരു നേതാക്കളും ജോര്‍ജിനെതിരേ സ്പീക്കര്‍ക്കു തെളിവുകള്‍ നല്കി. ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് ഇരുവരെയും ഇന്നലെ സ്പീക്കര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. ബജറ്റിന്റെ വോട്ടെടുപ്പില്‍ ജോര്‍ജ് വിപ്പ് ലംഘിച്ചോ എന്ന ചോദ്യത്തിനു പ്രതിപക്ഷ ബഹളമുണ്ടായതിനാല്‍ വോട്ടെടുപ്പ് വേണ്ടി വന്നില്ലെന്നു മുഖ്യമന്ത്രി മറുപടി നല്കി.
യുഡിഎഫിനെതിരേ ജോര്‍ജ് സഭയില്‍ വോട്ടു ചെയ്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും മറ്റും കണ്ടപ്പോള്‍ പി സി ജോര്‍ജ് യുഡിഎഫിനെതിരായി നില്ക്കുകയാണെന്നു തനിക്കു തോന്നിയിട്ടുണ്ടെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ അഭിഭാഷകന് ശ്രീകുമാറിന്റെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി നല്കി. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചെന്നു പത്രവാര്‍ത്തകളിലൂടെ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ജിനെതിരേ ശക്തമായ ഭാഷയിലാണ് വി എം സുധീരന് പ്രതികരിച്ചത്. ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു സ്വയം ഒഴിഞ്ഞുപോയതായാണു താന്‍ മനസ്സിലാക്കുന്നത്. ജോര്‍ജ് ചെയ്തതു പോലെ സ്വന്തം പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്നു കോണ്‍ഗ്രസില്‍ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവരെ പ്രസ്ഥാനത്തു നിന്നു പുറത്താക്കുമായിരുന്നെന്നും സുധീരന് പറഞ്ഞു.
എന്നാല്‍, സുധീരന്റെ നിലപാടിനെ ജോര്‍ജ് എതിര്‍ത്തു. താന്‍ സാക്ഷിയാക്കിയ സുധീരനെ കൂറുമാറിയതായി കണക്കാക്കണമെന്നു ജോര്‍ജ് ആവശ്യപ്പെട്ടു. സുധീരന് പറഞ്ഞതു മുഴുവന്‍ കളവാണ്. പാലക്കാട് വീരേന്ദ്രകുമാറിനെതിരേ പ്രവര്‍ത്തിച്ച ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സുധീരന് നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍, സുധീരന്റെ മൊഴി ഇവിടെ സ്വീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ജോര്‍ജ് പറഞ്ഞു. ടി എന്‍ പ്രതാപന് എംഎല്‍എയും തെളിവെടുപ്പിനായെത്തിയിരുന്നു. എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, വി എസ് സുനില്‍കുമാര്‍ എന്നിവരോടും ഇന്നലെ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ അസൗകര്യം അറിയിച്ചു. 26നാണ് അടുത്ത സിറ്റിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.