|    Apr 24 Mon, 2017 8:42 pm
FLASH NEWS

സര്‍ക്കാര്‍ സമരം തുടങ്ങി, പിന്തുണയുമായി പ്രതിപക്ഷം

Published : 18th November 2016 | Posted By: G.A.G

തിരുവനന്തപുരം : മുന്നൊരുക്കങ്ങളില്ലാതെ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച് ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സംസ്ഥാനം പ്രത്യക്ഷ സമരമാരംഭിച്ചു. നോട്ട് പ്രതിസന്ധി കേരളത്തിലെ സഹകരണ മേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സമരരംഗത്തിറങ്ങി. സഹകരണമേഖലയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവുമായി ഒരുമ്പെട്ടിറങ്ങിയവരെ ഏതു വിധേനയും പരാജയപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജ്യനല്‍ ഓഫിസിന് മുന്നിലാരംഭിച്ച സമരത്തില്‍ പങ്കെടുത്ത് പിണറായി പറഞ്ഞു. മുഖ്യമന്ത്രിക്കു പുറമെ മറ്റു മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സാധാരണക്കാരുടെ ചെറിയ നിക്ഷേപങ്ങള്‍ കൂടിചേര്‍ന്നുള്ള സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് ആക്ഷേപിക്കുന്നത് ഈ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും 21ന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സമരത്തോട് പൂര്‍ണയോജിപ്പാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സഹകരണമേഖലയെ തകര്‍ക്കുന്ന നടപടികളെ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day