|    Nov 13 Tue, 2018 10:05 pm
FLASH NEWS

മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തി

Published : 12th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ യ്ക്ക് നേരിയ ശമനമായെങ്കിലും കെടുതികള്‍ തുടരുകയാണ്. എങ്ങോട്ടു പോവുമെന്നറിയാതെ ആശങ്കയിലാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും താമസയോഗ്യമാക്കിയെടുക്കാന്‍ ഇനിയും ആഴ്ചകളെടുക്കും. വീടുകള്‍ ഭാഗികമായി തകര്‍ന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ കണ്ണീരുമായി കഴിയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ദുരിതാശ്വാസ ക്യാപുകളിലെത്തി ദുരിതങ്ങള്‍ നേരില്‍ കണ്ടു. മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വസ ക്യാംപ് സന്ദര്‍ശിച്ചതിനു ശേഷം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3,800 രൂപ വീതം നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ക്യാംപുകളില്‍ സഹായം നേരിട്ടു നല്‍കുന്നതിനു പകരം ജില്ലാ കലക്ടര്‍ മുഖേന നല്‍കണം. ക്യാംപുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം. ജില്ലയിലെ പ്രധാന റോഡുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. വൈത്തിരി പോലിസ് സ്റ്റേഷന്‍ എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദേശം നല്‍കി. പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ല. ആരോഗ്യ വകുപ്പ്- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജില്ലയിലെ ജനപ്രതിനിധികള്‍ കാലവര്‍ഷക്കെടുതിയുടെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം ഐ ഷാനവാസ് എംപി, എംഎല്‍എ മാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചു. രാവിലെ പത്തരയോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് ഹെലിപാഡില്‍ ഇറങ്ങിയ മുഖ്യമന്ത്രി നേരെ ക്യാംപിലേക്ക് എത്തുകയായിരുന്നു. 230 കുടുംബങ്ങളില്‍ നിന്നായി മുണ്ടേരിയിലെ 849 പേരും, വേങ്ങപ്പള്ളിയിലെ 116 പേരുമുള്‍പ്പെടെ 965 പേരാണ് മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss