|    Apr 24 Tue, 2018 2:46 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മുഖ്യമന്ത്രിയും ഭരണഘടനയും

Published : 30th January 2016 | Posted By: SMR

slug-a-bതൃശൂര്‍ വിജിലന്‍സ് കോടതിയുടെ ‘തിടുക്ക’ത്തില്‍ ചാരി നിയമസാങ്കേതികത്വത്തിന്റെ നൂലിന്മേല്‍ തൂങ്ങി, അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കു കഴിയും. എന്നാല്‍, ജനായത്തവ്യവസ്ഥിതിയില്‍ ഒരു നാടിന്റെ മുഖ്യമന്ത്രി അതാണോ വേണ്ടത്?
പ്രാഥമികമായി, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണഘടനാപരമായ ചുമതലപേറുന്നയാളാണ് മുഖ്യമന്ത്രി. ആയതിലേക്ക് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റയാളില്‍ വൈയക്തികമായ ഘടകവിശേഷങ്ങള്‍ക്കല്ല അടിസ്ഥാന പ്രസക്തി. മറിച്ച്, ടിയാന്റെ വ്യക്തിത്വം എന്തുതന്നെയായാലും ഭരണഘടനാപരമായ നിലവാരമാണ് അയാളില്‍നിന്ന് ഈ അധികാരം കൈയാളുന്ന കാലയളവില്‍ വിവക്ഷിക്കുന്നത്. എന്നുവച്ചാല്‍, ഭരണഘടനയുടെ തത്ത്വശാസ്ത്രത്തിനും അതിന്റെ അന്തസ്സത്തയ്ക്കും നിരക്കുന്ന നിലവാരം. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുവോളം അത് ഭദ്രമായി സൂക്ഷിക്കാനും ഭംഗിയായി പ്രകടിപ്പിക്കാനും അയാള്‍ ബാധ്യസ്ഥനുമാണ്. എന്നിരിക്കെ, വിജിലന്‍സ് കോടതി ഉത്തരവിനെതിരേ കൊടുത്ത അപ്പീല്‍ നോക്കൂ. വ്യക്തി എന്ന നിലയ്ക്കാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി എന്ന നിലയ്ക്കല്ല. ഇവിടെയാണ് ഈ മനുഷ്യന്റെ ചെയ്തികളുടെ രാഷ്ട്രീയം അനാവൃതമായിപ്പോവുന്നത്. സോളാര്‍ കേസിന്റെ അന്തസ്സാരം സ്വയമറിയാതെ നഗ്നമായിപ്പോവുന്നതും.
ശരിയാണ്, പൗരന്‍ എന്ന നിലയ്ക്ക് മറ്റുള്ളവര്‍ക്കു കിട്ടേണ്ട നീതിക്ക് ഉമ്മന്‍ചാണ്ടിക്കും അവകാശമുണ്ട്. ആ വകുപ്പിലായിരുന്നു ടിയാന്റെ അപ്പീല്‍. പാര്‍ട്ടി അധ്യക്ഷന്‍ ഗത്യന്തരമില്ലാതെ ആഹാരമാക്കിയതും ഈ പൗരാവകാശ ന്യായത്തെയാണ്. എന്താണ് ഈ നടപടിക്രമത്തില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പൗരാവകാശച്ചേതം?
എഫ്‌ഐആര്‍ ഇട്ട് കേസെടുത്താലുടന്‍ മുഖ്യമന്ത്രി കുറ്റക്കാരനാവുന്നില്ല. അതേസമയം, കെ ബാബുവിന്റെ കാര്യത്തില്‍ സംഭവിച്ചപോലെ ഒരു രാജിക്കു കളമൊരുങ്ങും. ബാബുവിനെതിരേ പ്രത്യേകിച്ച് പരാമര്‍ശമില്ലാഞ്ഞിട്ടും ടിയാന്‍ രാജിവച്ചതിനെ ധാര്‍മികതയുടെ താമ്രപത്രമായി ഘോഷിച്ചവരാണ് നമ്മുടെ ഭണകക്ഷി. വെറും നാലു ദിവസം കഴിഞ്ഞ് സമാനമായ സ്ഥിതി മുഖ്യമന്ത്രിയുടെ കാര്യത്തിലുണ്ടായപ്പോഴാവട്ടെ ടി ‘ധാര്‍മികത’ അവര്‍ക്കുതന്നെ പാരയാവുന്നു. രാജിവയ്ക്കാതിരിക്കണമെങ്കില്‍ ബാബുവിന്റെ രാജി സ്വീകരിച്ചുകൂടാ. അതുതന്നെയാണ് ഉമ്മന്‍ചാണ്ടി ധാര്‍മികഘോഷണ ശേഷം അനുവര്‍ത്തിച്ചതും. ബാബുവിന്റെ ധാര്‍മികത മടക്കി തന്റെ കീശയിലിട്ടു. നിയമസാങ്കേതികത്വത്തിന്റെ നൂലിന്മേല്‍ തൂങ്ങി ധര്‍മനീതികളെ തൃണമാക്കി. അഥവാ, മേല്‍പ്പറഞ്ഞ ധാര്‍മികതാപ്രകടനംപോലും ഒരു നാടകമായിരുന്നു എന്നര്‍ഥം. ഇതേ നാടകത്തിന്റെ അനുബന്ധമാണ് സ്വന്തം കേസില്‍ ചാണ്ടി അരങ്ങേറ്റിയതും.
മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടും എന്നതു മാത്രമാണ് ഈ നാടകത്തിന്റെ കഥാമര്‍മം. ചാണ്ടിക്ക് കസേര പോയെന്നു വച്ച് കേരളത്തിനു മുഖ്യമന്ത്രിയില്ലാതാവുന്നില്ല. ഭരണഘടനാ പ്രതിസന്ധിയൊന്നും ഉണ്ടാവുന്നുമില്ല. അപ്പോള്‍, തികച്ചും വ്യക്തിപരമായ പ്രശ്‌നം മാത്രമായി കേസ് ചുരുങ്ങുന്നു. വ്യക്തിഗതമായിത്തന്നെ അപ്പീല്‍ കൊടുത്തതിലൂടെ അക്കാര്യം സുതാര്യമാവുകയും ചെയ്യുന്നു. ഭരണഘടനാവിവക്ഷയല്ല, ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയുടെ ലാഭനഷ്ടങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിപദത്തെ വിനിയോഗിക്കുന്നു എന്നു സാരം. തന്റെ കസേരലാഭത്തിനു വേണ്ടി മന്ത്രിസഭയിലെ മറ്റൊരംഗത്തിന്റെ ‘ധാര്‍മിക’പ്രകടനത്തെക്കൂടി ഉപയോഗപ്പെടുത്തുന്നു.
അപ്പോള്‍ ഒറ്റപ്പെട്ട പ്രവൃത്തിയല്ല. മറിച്ച്, ഭരണഘടനാവിവക്ഷയെ വ്യക്തിഗത ലാഭങ്ങള്‍ക്കു ചുവടെ മാത്രം കണക്കാക്കുന്ന പ്രകൃതമാണ് ഈ മനുഷ്യന്റെ രാഷ്ട്രീയമെന്നു വരുന്നു. ഇത്തരമൊരാളെ, അയാളുടെ ദീര്‍ഘപ്രവര്‍ത്തനചരിത്രത്തിന്റെ പേരില്‍ എങ്ങനെ ന്യായീകരിക്കാനാവും?
ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ കസേരനഷ്ടം എങ്ങനെയാണ് പൊതുസമൂഹത്തിനു പ്രസക്തമാവുക? തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്റെ രാജി ഭരണമുന്നണിയുടെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കും എന്നതാണു ന്യായമെങ്കില്‍ അതൊരു ബാലിശമായ തൊടുന്യായം മാത്രമാണ്. കാരണം, സാങ്കേതികന്യായവും കുതന്ത്രങ്ങളും വഴി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രി ടി പ്രതിച്ഛായയെ കൂടുതല്‍ മലീമസപ്പെടുത്തുന്ന ഘടകമാണ്. ശരിയായ പ്രശ്‌നം, ഭരണമുന്നണിയുടെ തന്നെ ആഭ്യന്തരമായ പാപ്പരത്തമാണ്. ചാണ്ടിയല്ലാതെ മറ്റൊരാളെ മുന്‍നിര്‍ത്താനില്ലെന്ന ഗതികേടുണ്ടെങ്കില്‍ അത് ആ മുന്നണിയുടെ മാത്രം പ്രശ്‌നമാണ്. അതിനുവേണ്ടി ഭരണഘടനാസ്ഥാപനത്തെ മലീമസമാക്കുന്നതില്‍പ്പരം പൗരവിരുദ്ധതയുണ്ടോ? അപ്പോള്‍ ചാണ്ടിയുടെ വൈയക്തികമായ പൗരാവകാശം, സംസ്ഥാന ജനതയുടെ മൊത്തം പൗരാവകാശമായ ഭരണഘടനാപരതയെ ചെറുതാക്കുന്നു. അഥവാ, ഒരു വ്യക്തിയുടെ അധികാരസംരക്ഷണത്തിനുവേണ്ടി മുഖ്യമന്ത്രിപദത്തിന്റെ ഭരണഘടനാശുദ്ധിയെ ബലികൊടുക്കുന്നു.
ഈജാതി പ്രവര്‍ത്തനത്തില്‍ ഏതറ്റം വരെയും പോവാന്‍ മടിയില്ലാത്ത ‘കളിക്കാരനാണ്’ ചാണ്ടി എന്നത് ടിയാന്റെ പ്രവര്‍ത്തനചരിത്രം തന്നെ നിസ്സാരമായി വ്യക്തമാക്കുന്നുണ്ട്. കരുണാകരന്‍ തൊട്ട് രാമചന്ദ്രന്‍ മാസ്റ്റര്‍ വരെ പലരുടെ രാജിപ്രമേയങ്ങളും പ്രശസ്തമായ ഉദാഹരണങ്ങള്‍. ഗ്രൂപ്പുകളി എന്ന ഓമനപ്പേരില്‍ ലഘൂകരിക്കപ്പെടുന്ന അധികാരപ്പയറ്റില്‍ അന്നൊക്കെ ‘ധാര്‍മികത’ എന്ന ആയുധമാണ് ചാണ്ടിയും കൂട്ടരും പ്രയോഗിച്ചിരുന്നത്. രാഷ്ട്രീയധാര്‍മികതയുടെ പേരില്‍ പ്രതിയോഗികളുടെ രാജിക്ക് പ്രക്ഷോഭം കൂട്ടുമ്പോള്‍ തന്നെ അതിനാധാരമായ വിഷയങ്ങളില്‍ പച്ചയായ നുണ അവതരിപ്പിക്കാന്‍ യാതൊരു ധാര്‍മിക വൈക്ലബ്യവും കാട്ടിയതുമില്ല. ഉദാഹരണമായി കരുണാകരനും ചാരക്കേസും തമ്മില്‍ പുലബന്ധമില്ലായിരുന്നു എന്നതു മാത്രമല്ല, അടിസ്ഥാനപരമായി ചാരക്കേസ് എന്നതുതന്നെ ഒരസംബന്ധമായിരുന്നുതാനും. ഉമ്മന്‍ചാണ്ടിക്ക് നുണപറയാനും നേരുമറയ്ക്കാനും വ്യക്തിപരമായി യാതൊരു വൈക്ലബ്യവുമില്ല എന്നതിന്റെ ചരിത്രസാക്ഷ്യങ്ങളില്‍ ഒന്നുമാത്രമാണിത്. അതൊക്കെ ഒരു വ്യക്തിയുടെ പ്രകൃതവിശേഷമായി കണ്ട് കണ്ണടയ്ക്കാം. എന്നാല്‍, ടി വ്യക്തി ഒരു ഭരണഘടനാസ്ഥാപനത്തില്‍ ഇരിക്കുമ്പോള്‍ ഇപ്പറയുന്ന പ്രകൃതവിശേഷങ്ങള്‍ കയറി എടങ്ങേറുണ്ടാക്കുന്നുണ്ടോ എന്നതാണ് പൗരാവലിക്ക് പ്രസക്തം. ചില വ്യക്തികള്‍, സ്വന്തം നിലവാരത്തെ ഭരണഘടനാനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കും. അച്യുതമേനോനെപ്പോലെ ചിലര്‍ ഭരണഘടനാനിലവാരത്തെ തന്റെ നിലവാരത്തിലേക്കു കൊണ്ടുവരാന്‍ നോക്കും- ഗുജറാത്തില്‍ മോദി ചെയ്ത മാതിരി. മറ്റു ചിലര്‍ സ്വന്തം നിലവാരത്തിന് താല്‍ക്കാലിക ചങ്ങലയിട്ട് സംയമനം പാലിച്ച് മുമ്പോട്ടുപോവാന്‍ ശ്രമിക്കും- അച്യുതാനന്ദനെപ്പോലെ. ചിലര്‍ സ്വന്തം നിലവാരം പാടേ വിഗണിച്ച് ഭരണഘടനാവിവക്ഷയ്ക്ക് കീഴടങ്ങി കാലം കഴിക്കും- ആന്റണിയെപ്പോലെ. ഇനിയും ചിലര്‍ ഇപ്പറഞ്ഞ രണ്ടു നിലവാരങ്ങളും തമ്മിലുള്ള ആശയപരമായ ഘര്‍ഷണത്തില്‍പ്പെട്ട് വിഷമിക്കും- ഇഎംഎസിനെപ്പോലെ. ഈ വക ത്രാസങ്ങളൊന്നുമില്ലാത്ത ഒരു ജനുസ്സുണ്ട്- ഭരണഘടനയും ഗ്രന്ഥാവലിയും അവിടെ കിടക്കട്ടെ, എനിക്ക് എന്റെ വഴി. ചാണ്ടിയുടെ ലൈന്‍ ഇതിലേതാണ്?
പുരാണം വിട്ട് നടപ്പുകഥയിലേക്കു നോക്കുക. സോളാര്‍ കേസ് ഉയര്‍ന്നകാലത്ത് ചാണ്ടി പറഞ്ഞത് സരിത എന്നൊരു സ്ത്രീയെ അറിയുകയേ ഇല്ലെന്നാണ്. പിന്നെ പറഞ്ഞത് വല്ലയിടത്തും വച്ച് കണ്ടിട്ടുണ്ടാവാമെന്ന്. സ്വന്തം ഓഫിസ്‌വൃന്ദം ‘ടീം സരിത’യില്‍പ്പെട്ടവരാണെന്നു തെളിഞ്ഞപ്പോള്‍ വീണ്ടും ലൈന്‍ മാറ്റി- ആകപ്പാടെ മൂന്നുവട്ടം കണ്ടു. ഡല്‍ഹി വിജ്ഞാന്‍ഭവന്‍ കാഴ്ചയെപ്പറ്റി നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍, അങ്ങനെയൊരു കൂടിക്കാഴ്ചയേ ഉണ്ടായിട്ടില്ലെന്നു സഭയില്‍ സത്യപ്രസ്താവനയും നടത്തി. ഒടുവിലിപ്പോള്‍, സോളാര്‍ കമ്മീഷനു മുമ്പില്‍ സാക്ഷാല്‍ സരിത നിരത്തിയത് ‘പിതൃതുല്യനും’ പുത്രീതുല്യയും തമ്മിലുള്ള നാലരക്കൊല്ലത്തെ ഗാഢബന്ധത്തിന്റെ നാള്‍വഴി. അതു പുറത്തുവന്നതും ചാണ്ടി പുതിയ പരിചയെടുത്തു- പ്രത്യുപകാരസിദ്ധാന്തം. അതായത്, തന്നെക്കൊണ്ട് സരിതയ്ക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല, പിന്നെന്തിന് അവര്‍ തനിക്ക് കോഴനല്‍കണം? ആളെ പരിചയമേ ഇല്ലെന്ന ദീര്‍ഘമായ സത്യവാചകങ്ങള്‍ ഒറ്റയടിക്ക് വിഴുങ്ങിക്കൊണ്ടാണീ പുതിയ സാമര്‍ഥ്യമെന്നോര്‍ക്കണം. ചാണ്ടിയുടെ ഈ അടവു തന്നെയാണ് ടിയാനുള്ള പുതിയ പാരയും. സരിത പറയുന്നതും ഇതുതന്നെ. കാശുകൊടുക്കുകയും ഇത്രനാളും കോണ്‍ഗ്രസ്സിനു വേണ്ടി നുണപറയുകയും ചെയ്തിട്ടും തന്റെ രക്ഷയ്ക്ക് മുഖ്യന്‍ ഒന്നും ചെയ്തില്ലെന്ന്. കുറഞ്ഞപക്ഷം കൈപ്പറ്റിയ കാശിന്റെ പാതി തിരിച്ചുതന്നാല്‍ ശേഷിക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കാമായിരുന്നെന്ന്. അതെന്തായാലും, പിതൃതുല്യനും പുത്രീതുല്യയുമായി അവരുടെ ഇടപാടായി. പൗരാവലിക്കുള്ള സന്ദേശം ലളിതം- ഈ മുഖ്യമന്ത്രി തരംപോലെ നാട്ടാരോട് നുണപറയുന്നതില്‍ യാതൊരു തത്വദീക്ഷയുമില്ലാത്ത വ്യക്തിത്വമാണ്. നുണപരിശോധനയ്ക്കു തയ്യാറുണ്ടോ എന്നോ മറ്റോ ആരാനും ചോദിച്ചുപോയാല്‍ ടിയാന്‍ നിഷ്‌കളങ്കനായി ചോദിക്കും: നുണയോ, എന്നുവച്ചാലെന്താ? $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss