|    Dec 19 Wed, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയും ബാബുവും രാജിവയ്ക്കണം: വിഎസ്

Published : 12th December 2015 | Posted By: G.A.G

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഴിമതിക്കേസുകളെത്തുടര്‍ന്നു നഷ്ടപ്പെട്ട കേരളത്തിന്റെ അഭിമാനം രക്ഷിക്കാന്‍ മന്ത്രിമാര്‍ രാജിവച്ച് ഇറങ്ങിപ്പോവണമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സോളാര്‍ കേസില്‍ ആരോപണവിധേനായ ഉമ്മന്‍ചാണ്ടിയുടെയും ബാര്‍ കോഴക്കേസില്‍ കെ ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.ബാര്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രണ്ടോ മൂന്നോ തട്ടിലായപ്പോള്‍ പോലിസ് സേനയും രണ്ടു തട്ടിലാണ്. അഴിമതി നടന്നെന്നു ജേക്കബ് തോമസ് തുറന്നു പറയുമ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ മന്ത്രിമാരെ രക്ഷിക്കാന്‍ ‘ഞഞ്ഞാ പിഞ്ഞാ’ പറയുകയാണെന്നും വിഎസ് പരിഹസിച്ചു. ഒരു കോടി രൂപ കോഴ വാങ്ങിയ മാണി മന്ത്രിസഭയിലില്ലാത്തപ്പോള്‍ അഞ്ചരക്കോടിയും 10 കോടിയും വാങ്ങിയവര്‍ തുടരുന്നതു ശരിയാണോയെന്നു വിഎസ് ചോദിച്ചു.

ബാബുവിന്റെ അഴിമതിയില്‍ ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞ ന്യായം ബാബുവിനെതിരേ നടന്നത് ക്വിക്ക് വെരിഫിക്കേഷനല്ലെന്നും സാധാരണ അന്വേഷണം മാത്രമാണെന്നുമാണ്. ഇതു രണ്ടും ഒന്നാണെങ്കില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടതെന്തിനാണ്. ക്വിക്ക് വെരിഫിക്കേഷന്‍ ഇല്ലെന്നു പറഞ്ഞ് ബാബുവിനെ രക്ഷിക്കുന്ന നാണംകെട്ട സമീപനമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചത്. ക്വിക്ക് വെരിഫിക്കേഷന്‍ വേണമെന്ന് കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ചെന്നിത്തല തയ്യാറാവണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഇപ്പോള്‍ അഴിമതിക്കേസ് മാത്രമല്ല, ഒരു പെണ്ണുമായി ബന്ധപ്പെട്ട ആരോപണവും വരുന്നു. അതു ശരിയാവരുതേയെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍, അങ്ങനെ ഒരു ആരോപണം ഉയരാനുള്ള സാഹചര്യമൊരുക്കിയത് മുഖ്യമന്ത്രി തന്നെയാണ്. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിക്കെതിരേയാണ് ആരോപണമെങ്കില്‍ പ്രശ്‌നമില്ല. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരേയാണ് ആരോപണം. ലജ്ജയെന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടെങ്കില്‍ ഇങ്ങനെ ഒരാള്‍ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു.

ബാബു രാജിവച്ചാല്‍ ഉമ്മന്‍ചാണ്ടിയും രാജിവയ്‌ക്കേണ്ടി വരുമെന്നതിനാലാണ് ബാബുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു. പുറത്തുപോയാല്‍ ബാബുവിന് പലതും പുറത്തുപറയേണ്ടിവരുമെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍ നാടാര്‍, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍, വി ശശി, ജമീലാ പ്രകാശം, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss