|    Dec 14 Thu, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയും ഗവര്‍ണറും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

Published : 15th August 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അനേകം പ്രമുഖരുടെയും അറിയപ്പെടാത്തവരുടെയും ത്യാഗങ്ങളെ നന്ദിയോടെ സ്മരിക്കാനുമുള്ള സന്ദര്‍ഭമാണിതെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയുടെ സാക്ഷാത്കാരത്തിന് പുനരര്‍പ്പിക്കാനുള്ള സന്ദര്‍ഭമായി സ്വാതന്ത്ര്യദിനാഘോഷത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ലോകമെങ്ങുമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഹൃദയംനിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. ഇന്നുരാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പതാക ഉയര്‍ത്തുന്നത്. തുടര്‍ന്ന്, വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റു സേനാവിഭാഗങ്ങളുടെയും അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിനായി ആയിരക്കണക്കിന് പോലിസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പോലിസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഡോഗ്‌സ്‌ക്വാഡും സംയുക്തമായി പ്രത്യേക പരിശോധന നടത്തി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കര്‍ശന സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ ബന്ധപ്പെട്ട മന്ത്രിമാരെ അഭിവാദ്യം സ്വീകരിക്കാനായി നിയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക