|    Oct 23 Tue, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഖ്യമന്ത്രിക്ക് പിരിമുറുക്കം ; കത്തിക്കയറി റബ്ബ്

Published : 26th May 2017 | Posted By: fsq

 

അങ്ങനെ ഒരു നിയമസഭാ സമ്മേളനംകൂടി അവസാനിച്ചു. അങ്ങിങ്ങായി ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സംഗതി ജോറായി അവസാനിച്ചതിന്റെ ത്രില്ലിലാണ് പിണറായി സഖാവും കൈയടി തൊഴിലാളികളും. പാവം പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് പരിതാപകരം. നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാരുടെ അവസ്ഥ. നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാരുടെ ആ പഞ്ച് ഡയലോഗില്ലേ… അങ്ങിനെ പവനായി ശവമായി! എന്തൊക്കെ ബഹളമായിരുന്നു… മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, ബോംബ്, ഒലക്കേടെ മൂട്… ഇതിനു സമാനമാണ് ചെന്നിത്തലയുടെ പ്രതിപക്ഷവും. മൂന്നാര്‍ കൈയേറ്റം, എം എം മണിയുടെ വിവാദപ്രസംഗം, ചോദ്യപേപ്പര്‍ ചോര്‍ച്ച, സ്വാശ്രയപ്രശ്‌നം… എന്തൊക്കെ ബഹളമായിരുന്നു. പക്ഷേ, ഒന്നും സഭയില്‍ ക്ലച്ചുപിടിച്ചില്ല. ഇനിയെങ്കിലും പ്രതിപക്ഷം സിപിഐയെ മാതൃകയാക്കണമെന്നാണ് പൊതുവെയുള്ള സാസാരം.  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നടക്കുകയാണ്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ 73ാം പിറന്നാളും കഴിഞ്ഞു. ആഘോഷം പൊടിപൊടിക്കേണ്ട ഈസമയത്ത് അദ്ദേഹം ഹാപ്പിയല്ലത്രേ. മുഖത്ത് എന്തോ പിരിമുറുക്കം. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തലേന്ന് 72ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ പ്രകടമായ സന്തോഷം ഇന്നില്ല. ശൂന്യവേളയില്‍ കെ മുരളീധരനാണ് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. സഭ വീണ്ടും സമ്മേളിക്കുമ്പോള്‍ തങ്ങളൊക്കെ പ്രതിപക്ഷത്തുണ്ടാവുമെങ്കിലും സഭാനേതാവിന്റെ കസേരയില്‍ അങ്ങുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നും മുരളി ആശംസിച്ചു. ഐഎസ് ഭീകരരുടെ വാദങ്ങള്‍ കേള്‍ക്കാനോ ചര്‍ച്ച നടത്താനോ ഭരണകൂടം തയ്യാറായില്ലത്രേ. ഒളിവിലുള്ള സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും മാണിസാറിനെ സ്വാന്തനിപ്പിച്ച്് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റയാനായതു കൊണ്ടാവും പി സി ജോര്‍ജിന് ചര്‍ച്ചകളിലൊന്നും വിശ്വാസമില്ല. ഫാദറിനെ തട്ടിക്കൊണ്ടുപോയത് തീവ്രവാദികളാണ്. റൊക്കം പണം കൊടുത്താല്‍ ഫാദറിനെ കിട്ടും. പണം ഉണ്ടാക്കാനുള്ള വഴിയാണ് ചര്‍ച്ച ചെയ്യേണ്ടത്. മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കട്ടക്കലിപ്പിലാണ് സഭയിലെത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ കെ ബി ഗണേഷ്‌കുമാര്‍ ഉന്നയിച്ച വിമര്‍ശനത്തിനു എണ്ണിയെണ്ണി മറുപടി പറയുകയായിരുന്നു ലക്ഷ്യം. നിര്‍ഭാഗ്യമെന്നു പറയട്ടെ ഗണേഷ്‌കുമാര്‍ സഭയില്‍ വന്നതുമില്ല. മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയുടെ പേര് ഗ്രേസ് എന്നുമാറ്റിയതില്‍ എന്തു വര്‍ഗീയതയാണ് ഗണേഷ്‌കുമാറും ഷംസീറും കണ്ടെത്തിയതെന്ന് അബ്ദുറബ്ബ് ചോദിച്ചു. പച്ച ബോര്‍ഡ്, പച്ച ബ്ലൗസ്, പച്ച കോട്ട് എന്നിങ്ങനെയാണ് മറ്റൊരു ആരോപണം. പച്ച എന്നതു വര്‍ഗീയമാണോയെന്ന റബ്ബിന്റെ സംശയത്തിനുള്ള മറുപടി ഷംസീര്‍ ഒരു ചെറുപുഞ്ചിരിയിലൊതുക്കി. വായില്‍ തോന്നിയതു കോതയ്ക്ക് പാട്ടെന്ന പോലെ എന്തും വിളിച്ചുപറയരുതെന്നും റബ്ബ് ഉപദേശിച്ചു. താന്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ മൈക്ക് ലഭിക്കാത്തതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അലട്ടിയത്. മൈക്കുകാരന്റെ കൈക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് തിരുവഞ്ചൂരും നിരീക്ഷിച്ചത്. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയാവട്ടെ പുകഴ്ത്തലിനും ഇകഴ്ത്തലിനും വേദിയായി. ഹൃദയമില്ലാതിരുന്ന കേരളത്തിന്റെ ഹൃദയമായി എല്‍ഡിഎഫ് മാറിയെന്ന് ആര്‍ രാജേഷ് പ്രഖ്യാപിച്ചു. നടപ്പാക്കിയ പദ്ധതികള്‍ നിരത്തിക്കാട്ടിയ അദ്ദേഹം യുഡിഎഫിനിട്ട് താങ്ങാനും മറന്നില്ല. വയറ്റാട്ടിയെ ആരും അമ്മയെന്ന് വിളിക്കില്ലെന്നായിരുന്നു പരിഹാസം. മെട്രോ, കണ്ണൂര്‍, വിഴിഞ്ഞം പദ്ധതികളുടെ പിതൃത്വത്തിന് ഡിഎന്‍എ നടത്തേണ്ടതില്ലെന്നും ജനങ്ങള്‍ക്ക് എല്ലാമറിയാമെന്നും എന്‍ ഷംസുദ്ദീന്‍ മറുപടിനല്‍കി. ഞാനും ഞാനുമെന്റാളും ആ നാല്‍പതുപേരും എന്നതുപോലെ നമ്മളും നമ്മളെ കിഫ്ബിയും ഉമ്മന്‍ചാണ്ടി തന്ന വികസനപദ്ധികളുമാണ് എല്‍ഡിഎഫിനുള്ളത്. ഈ നിലയില്‍ പോയാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ ഭരണം തിരികെ യുഡിഎഫിനെ ഏല്‍പ്പിക്കുമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. 10 മാസംകൊണ്ട് മലപ്പുറത്ത് ഒരുലക്ഷം വോട്ടിന്റെ ലീഡു നേടാമെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് 140 മണ്ഡലത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന ഇ കെ വിജയന്റെ പ്രവചനം പി സി ജോര്‍ജ് അംഗീകരിച്ചില്ല. സഭയായാല്‍ പ്രതിപക്ഷം വേണ്ടേ. അതുകൊണ്ട് രമേശ് ചെന്നിത്തലയെയും പി ടി തോമസിനേയും ജയിപ്പിക്കണമെന്നായി പിസി. കാസര്‍കോട് മണ്ഡലത്തെ ഒഴിവാക്കണമെന്ന് എന്‍ എ നെല്ലിക്കുന്നും റിക്വസ്റ്റ് നല്‍കി. 35 വര്‍ഷം മുമ്പുള്ള കോണ്‍ഗ്രസ്സിന്റെ പ്രതാപം നഷ്ടപ്പെട്ടതാണ് കെ സുരേഷ് കുറുപ്പിനെ വേദനിപ്പിച്ചത്. കേരളാ കോണ്‍ഗ്രസ് രൂപപ്പെട്ടതുതന്നെ കോണ്‍ഗ്രസ്സിന്റെ മര്‍മത്തില്‍ പ്രഹരമേല്‍പ്പിച്ചാണ്. മധ്യ കേരളത്തില്‍ കോണ്‍ഗ്രസ് നടുവ് നിവര്‍ത്തിനിന്നതു കേരളാ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെയാണ്. ഇപ്പോള്‍ ലീഗിന്റെ ഏണിയില്‍കൂടി മുകളിലേക്ക് കയറാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍, ലീഗിന്റെ കോണി നില്‍ക്കുന്നത് ദുര്‍ബലമായ മണ്ണിലാണെന്നതു കോണ്‍ഗ്രസ് മറന്നുപോവുകയാണെന്നും സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. ഇതു കേട്ടപ്പോള്‍ പിടി തോമസിനൊരു സംശയം. കെ എം മാണിക്ക് നോട്ടടിക്കുന്ന മെഷീനുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നത് ശരിയാണോയെന്ന്. മാണിസാറിനെ എല്‍ഡിഎഫ് വാഴ്ത്തപ്പെട്ടവനാക്കിയോ എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ സംശയം. ഭരണപക്ഷത്തിന്റെ കൊട്ടുകേട്ട് മടുത്താവണം കോണ്‍ഗ്രസ് ഫിനീക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്ന് പ്രതിപക്ഷനേതാവും പ്രഖ്യാപിച്ചു. എല്ലാം ശരിയാവട്ടെ. അടുത്ത സഭാസമ്മേളനത്തിനായി കാത്തിരിക്കാം…

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss