|    Jun 26 Tue, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്‌

Published : 31st January 2017 | Posted By: fsq

 

കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധവും പരാതികളുമായി പാമ്പാടി എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ തുറന്ന കത്ത്. കണ്ണൂരിലും കോഴിക്കോട്ടും മുഖ്യമന്ത്രി വന്നപ്പോള്‍ ആശ്വസിപ്പിക്കാനെങ്കിലും വീട്ടില്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫോണില്‍ പോലും വിളിക്കാത്തതില്‍ സങ്കടമുണ്ടെന്ന് മഹിജ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തില്‍ പറയുന്നു. കോളജ് സസ്‌പെന്‍ഡ് ചെയ്തവര്‍ക്കെതിരേ പൊലിസ് നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധവും പിണറായിയോടും പാര്‍ട്ടിയോടുമുള്ള ജിഷ്ണുവിന്റെ ഇഷ്ടവും കത്തില്‍ വ്യക്തമാക്കുന്നു.വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും 18 എംഎല്‍എമാരും വിദ്യാര്‍ഥി  യുവജന സംഘടനാ നേതാക്കളും ഞങ്ങളുടെ വീട്ടിലെത്തി. എന്റെയും കുടുംബത്തിന്റെയും കണ്ണീരും പരാതികളും കണ്ടും കേട്ടും മടങ്ങി. എന്നാല്‍, വി എം സുധീരനെ പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് ഞങ്ങളുടെ കാര്യങ്ങള്‍ വീണ്ടും അന്വേഷിച്ച് സഹായിച്ചിട്ടുള്ളത്.ചെഗുവേരയും പിണറായിയുമായിരുന്നു ജിഷ്ണുവിന്റെ ഇഷ്ടനേതാക്കള്‍. എന്നാല്‍, ഫേസ്ബുക്ക് പേജില്‍ പോലും മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയില്ല. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ അങ്ങേക്ക് കത്തയച്ചു. ഒന്നിനുപോലും മറുപടി ലഭിക്കാത്തതുകൊണ്ടാണ് തുറന്ന കത്തെഴുതുന്നത്. കണ്ണൂരും കോഴിക്കോടും അങ്ങ് വന്നപ്പോള്‍ ഒരിക്കലെങ്കിലും വീട്ടില്‍ വരുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല. കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികില്‍ ബോംബേറുണ്ടായപ്പോള്‍ പ്രതിഷേധം നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വന്നു. തന്റെ മകന്‍ ഇല്ലാതായി 23 ദിവസമായിട്ടും അനുശോചനക്കുറിപ്പ് പോലും രേഖപ്പെടുത്താത്തതില്‍ സങ്കടമുണ്ടെന്നും മഹിജ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തെ സംബന്ധിച്ചും മരണത്തെ സംബന്ധിച്ചുമുള്ള പരാതികള്‍ കത്തില്‍ എടുത്തുപറയുന്നുണ്ട്. കോളജിലെ പീഡനങ്ങള്‍ ചാനലുകളിലൂടെ വിദ്യാര്‍ഥികള്‍ വിളിച്ചു പറഞ്ഞിട്ടും മുഖ്യമന്ത്രി മാത്രം അറിഞ്ഞില്ല. കോളജിനെതിരേയും അതിന്റെ ഉടമകള്‍ക്കെതിരേയും മുഖ്യമന്ത്രി ഉരിയാടാത്തതില്‍ വേദനയുണ്ടെന്നും ഇനിയെങ്കിലും നിരാശപ്പെടുത്തരുതെന്നും കത്തില്‍ പറയുന്നു. വിപ്ലവാഭിവാദ്യങ്ങളോടെ പഴയ എസ്എഫ്‌ഐക്കാരി മഹിജ എന്നെഴുതിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss