|    Jan 23 Mon, 2017 8:24 pm
FLASH NEWS

മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ വീണ്ടും കരിങ്കൊടി; കെഎസ്‌യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം

Published : 9th October 2016 | Posted By: SMR

കണ്ണൂര്‍: പോലിസും സിപിഎം പ്രവര്‍ത്തകരും ഒരുക്കിയ കനത്ത സുരക്ഷാസന്നാഹത്തിനിടെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും കരിങ്കൊടി. കെഎസ്‌യു ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് (22) ആണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തിനൊടുവില്‍ സിപിഎം പ്രവര്‍ത്തകരുടെ കൈയിലകപ്പെട്ട അഭിജിത്ത് ക്രൂരമര്‍ദനത്തിനിരയായി. തുടര്‍ന്ന് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കരിങ്കൊടി കാണിക്കുന്നത് തെറ്റായി കാണാനാവില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം സമരമുറകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 10.30ഓടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് സംഭവം. കണ്ണൂര്‍ കോര്‍പറേഷന്‍ സമഗ്രവികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതിക്കാര്‍ക്കുള്ള ഫഌറ്റിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങിന് എത്തിയപ്പോഴാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി കാല്‍മണിക്കൂര്‍ പിന്നിട്ടതോടെ ടൗണ്‍ സ്‌ക്വയറിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് കരിങ്കൊടിയുമായി എത്തിയെങ്കിലും പോലിസ് തടഞ്ഞു. ഇതിനു ശേഷം അഞ്ചു മിനിറ്റു കഴിഞ്ഞാണ്  അഭിജിത്ത് മുദ്രാവാക്യവുമായി കരിങ്കൊടി വീശിയത്. ഇതോടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദിച്ചു. ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലിസ് ഏറെ പണിപ്പെട്ടാണ് മോചിപ്പിച്ചത്.
അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് അരുണ്‍, രതീഷ്, റിതേഷ് സചിന്‍ തുടങ്ങിയവരെയാണ് ട്രെയിനിങ് സ്‌കൂളിനു സമീപത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ദസറയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക