|    Jan 20 Fri, 2017 7:18 am
FLASH NEWS

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അറസ്റ്റില്‍

Published : 8th October 2016 | Posted By: Abbasali tf

കണ്ണൂര്‍: വിവിധ പരിപാടികള്‍ക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ കരിങ്കൊടി കാട്ടിയവരെ അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളിയില്‍ പ്രതിഷേധ സൂചനയെ തുടര്‍ന്ന് നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഉച്ചയ്ക്കു മയ്യിലിലെ പരിപാടി കഴിഞ്ഞു പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാമ്പള്ളി പാലത്തിനു സമീപത്തുവച്ചു കരിങ്കൊടി കാണിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത്‌കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സെക്രട്ടറി പി എം ആരിഫ്, ബ്ലോക്ക് പ്രസിഡന്റുമാരായ പി എ ഹരി, ശറഫുദ്ദീന്‍ കാട്ടാമ്പള്ളി, പഞ്ചായത്തംഗം അസീബ് കണ്ണാടിപ്പറമ്പ് എന്നിവരായിരുന്നു റോഡരികില്‍ നിന്നത്. വിവരമറിഞ്ഞെത്തിയ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു വളപട്ടണം പോലിസ് സ്റ്റേഷനിലേക്കു മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പുല്ലൂപ്പി വഴി യാത്ര മാറ്റി. അതേസമയം കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോ ണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലെത്തി. കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരെത്തിയത്. പിന്നീട് ഡിവൈഎസ്പി പി പി സദാനന്ദന്‍ സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് രാത്രി എട്ടോടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ യൂത്ത് കോ ണ്‍ഗ്രസ് പ്രതിഷേധമുയര്‍ന്നത്. കോര്‍പറേഷന്റെ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെപ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി വേദിയിലേക്ക് നടക്കുമ്പോള്‍ മുദ്രാവാക്യങ്ങളുമായി കുതിച്ചെത്തുകയായിരുന്നു. കെഎസ്‌യു ജില്ലാ കമ്മിറ്റിയംഗം പാലയാട്കാംപസിലെ നിയമ വിദ്യാര്‍ഥിയായ കൂടാളിയിലെ അബ്ദുല്‍ വാജിദ്, യൂത്ത് കോണ്‍ഗ്രസ് കൊളച്ചേരി മണ്ഡലം സെക്രട്ടറി നസീര്‍ പള്ളിപ്പറമ്പ്, വളപട്ടണം മണ്ഡലം സെക്രട്ടറി നബീല്‍ എന്നിവരാണ് കരിങ്കൊടിയുമായെത്തിയത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു മാറ്റുന്നതിനിടെ സിപിഎം ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതിനിടെ നബീല്‍ ഓടി രക്ഷപ്പെട്ടു. നസീറിനെയും അബ്ദുല്‍ വാജിദിനെയും ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു. സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരേയാണ് പ്രതിഷേധം. മുഖ്യമന്ത്രി ഇന്നും ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹമാണൊരുക്കിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക