|    Oct 20 Sat, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിക്കെതിരേ കോഴ, ലൈംഗിക ആരോപണങ്ങള്‍

Published : 3rd December 2015 | Posted By: SMR

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സംസ്ഥാന ഭരണസാരഥ്യത്തിലെ പ്രമുഖരായ ആറു പേര്‍ സരിതയുമായി സംസാരിക്കുന്നതും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ വീഡിയോദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ഇത് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കാന്‍ തയ്യാറാണെന്നും സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
സരിത അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പ് അവരുടെ കൈവശമുള്ള രേഖകളില്‍നിന്നാണ് ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് താന്‍ കണ്ടെത്തിയതെന്നും ബിജു സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഷിബു ബേബിജോണ്‍, എ പി അനില്‍കുമാര്‍, അദ്ദേഹത്തിന്റെ പിഎ നസറുള്ള, ഹൈബി ഈഡന്‍ എംഎല്‍എ, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നതായും ബിജു മൊഴി നല്‍കി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ തങ്ങളുമായി താന്‍ കലഹിച്ചിട്ടുണ്ട്. ഒരുഘട്ടത്തില്‍ അത് കൈയേറ്റത്തിന്റെ വക്കോളമെത്തിയെന്നും ബിജു ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ വ്യക്തമാക്കി. സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് തനിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ടും അല്ലാതെയും 5.5 കോടി രൂപ കോഴ നല്‍കി.
ഈ മൊഴി നല്‍കിക്കഴിഞ്ഞാല്‍ നാളെ തന്റെ ജീവനുപോലും ഉറപ്പുണ്ടോയെന്ന് തനിക്കറിയില്ല. ആയതിനാല്‍ തന്റെ മരണമൊഴിക്ക് സമാനമായാണ് കമ്മീഷനില്‍ മൊഴി രേഖപ്പെടുത്തുന്നതെന്നും ബിജു കമ്മീഷനെ അറിയിച്ചു. തനിക്ക് കഴിയുമായിരുന്നെങ്കില്‍ ഇവരെയെല്ലാം കൊല്ലുമായിരുന്നു. ഇപ്പോഴും തനിക്കിവരോട് അറപ്പും വെറുപ്പുമാണെന്നു പറഞ്ഞ് ബിജു കമ്മീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞു.
എന്തിനാണ് സരിത ഈ ദൃശ്യങ്ങള്‍ ശേഖരിച്ചുവച്ചതെന്നു വ്യക്തമല്ല. ആദ്യം ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സരിതയോട് അടക്കാനാവാത്ത ദേഷ്യവും പിന്നീട് സഹതാപവും തോന്നി. ഒരുപക്ഷേ, കാര്യം കഴിയുമ്പോള്‍ ഇവരെല്ലാം തള്ളിപ്പറയുമെന്ന ആശങ്കയും ഒരു സ്ത്രീയുടെ ഗതികേടുമാവാം അവളെക്കൊണ്ട് ഇതു ചെയ്യിച്ചത്. എല്ലാ പ്രതീക്ഷകളും അവസാനിച്ച സാഹചര്യത്തിലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സരിത അറസ്റ്റിലായ ശേഷം താന്‍ ഒളിവിലായിരുന്നു. ഒരിക്കല്‍ കോയമ്പത്തൂരില്‍നിന്ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്ന് മറ്റ് അഞ്ചുപേരുടെ ദൃശ്യങ്ങള്‍ ഔദ്യോഗികവസതിയില്‍ വച്ച് മുഖ്യമന്ത്രിയെ കാണിച്ചു. ഈ തെളിവ് തന്റെ കൈവശം കിട്ടുന്നതുവരെ അങ്ങനെയുള്ള വാര്‍ത്തകള്‍ താന്‍ വിശ്വസിച്ചിരുന്നില്ല. ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ട്. 100 കോടിയോളം ലഭിക്കാവുന്ന പദ്ധതികളില്‍നിന്നുള്ള ലാഭത്തിന്റെ 30 ശതമാനം തുകയില്‍ 60 ശതമാനം ടീം സോളാറിനും 40 ശതമാനം മുഖ്യമന്ത്രിക്കും എന്ന വാക്കാല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് പല തവണയായി മുന്‍കൂര്‍ പണം നല്‍കിയതെന്നും ബിജു പറഞ്ഞു. ആദ്യം മൂന്നുകോടി രണ്ടു തവണയായാണു നല്‍കിയത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ വച്ചാണ് ഒരു തവണ തുക നല്‍കിയത്. സരിത അറസ്റ്റിലായശേഷം താന്‍ കോയമ്പത്തൂരില്‍നിന്ന് മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ തല്‍ക്കാലം പിടികൊടുക്കാനും പിന്നീട് ജാമ്യത്തിലിറക്കാന്‍ സൗകര്യമൊരുക്കാമെന്നും പറഞ്ഞിരുന്നു- ബിജു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss