|    Nov 15 Thu, 2018 3:47 pm
FLASH NEWS

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിലാഷിന്റെ സമരത്തെ അവഗണിച്ചു

Published : 13th May 2018 | Posted By: kasim kzm

എടപ്പാള്‍: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികില്‍സാ പിഴവിനെതിരേ നീതി തേടി പിതാവ് എടപ്പാളില്‍ നടത്തി വന്ന നിരാഹാര സമരത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണ്ടില്ലെന്നു നടിച്ചത് ഈ പാര്‍ട്ടികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നിന്റെയും പിന്തുണയും ഇടപെടലുകളുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പൊന്നാനി തഹസില്‍ദാരുമായുണ്ടായ ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
എടപ്പാളിലെ പൊതുപ്രവര്‍ത്തകരായ ഇ വി അനീഷ്, ബഷീര്‍ അണ്ണക്കമ്പാട് എന്നിവരായിരുന്നു സ്വകാര്യ ആശുപത്രിക്കുവേണ്ടി വിഷയത്തില്‍ ഇടപെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ധാരണയിലെത്തിയത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസവ ചികില്‍സയ്ക്കിടെയുണ്ടായ ആഘാതത്തില്‍  മകന്‍ മാറാ രോഗിയായെന്നും കുട്ടിയുടെ തുടര്‍ ചികില്‍സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ആശുപത്രി അധികൃതര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പാലക്കാട് തൃത്താല പട്ടിത്തറ സ്വദേശിയായ അഭിലാഷ് ഇക്കഴിഞ്ഞ 30 മുതല്‍ എടപ്പാളില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം 12 നാള്‍ പിന്നിട്ട ശേഷമാണ് ആശുപത്രിയുടമകള്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തെത്തിയത്. അതിനിടെ സമരത്തില്‍ ക്ഷീണിതനായ അഭിലാഷിനെ പോലിസ് അറസ്റ്റ് ചെയ്ത് രണ്ടുതവണ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലും അഭിലാഷ് സമരം തുടരുകയായിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീല്‍ അഭിലാഷിനെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് സമരം ഒത്തു തീര്‍പ്പാക്കുന്നതിനായുള്ള നടപടികള്‍ കൈകൊള്ളുമെന്നറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. മേഖലയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ യാതൊരു ഇടപെടലും ഉണ്ടാകാതെ പാര്‍ട്ടി നേതാക്കളില്‍ വലിയൊരുവിഭാഗം ആശുപത്രിയുടമക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്.
രോഗബാധിതനായ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കാനും കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ ചെലവ് ആശുപത്രിയുടമയില്‍ നിന്നും ഈടാക്കാന്‍ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചര്‍ച്ചയില്‍ ഇടപെട്ട് പൊന്നാനി തഹസില്‍ദാര്‍ വി നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. പ്രസവ സമയത്തുണ്ടായ ചികില്‍സാ പിഴവ് മൂലമാണോ കുട്ടി രോഗബാധിതനായെന്നതു കണ്ടെത്തുവാനും വിദഗ്ധ പരിശോധനക്കുമായി മഞ്ചേരി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. അജിത്, ഗൈനക്കോളജിസ്റ്റ് ഡോ. അംബുജം, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോളജിസ്റ്റ് ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നീ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കകം ഇവര്‍ ഇത് സംബന്ധിച്ച റിപോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഭിലാഷ് തുടര്‍ന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss