|    Jan 17 Tue, 2017 8:10 am
FLASH NEWS

മുഖം മിനുക്കാന്‍ 10,000 കോടി; അടിമുടി മാറ്റം ലക്ഷ്യമിട്ട് കെഎസ്ഇബി

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: വൈദ്യുതി മേഖലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സമൂലമായ മാറ്റം കൊണ്ടുവരുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരോല്‍പാദനം വര്‍ധിപ്പിക്കുന്നതിനും വൈദ്യുതിലൈനിന്റെ ശേഷി കൂട്ടുന്നതിനും പുതിയ സബ്‌സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നത്. നടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തിയായതുമായ ജലവൈദ്യുത പദ്ധതി, സോളാര്‍ പാര്‍ക്ക്, കാറ്റാടി എന്നിവയ്ക്കു പുറമെ കേന്ദ്രത്തില്‍നിന്ന് വാങ്ങുന്നതുള്‍പ്പെടെ വരുംവര്‍ഷം 1,100 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തേക്ക് ആവശ്യമായ വൈദ്യുതി കേന്ദ്രപൂളില്‍നിന്ന് ഇതരസംസ്ഥാനത്തുനിന്ന് എത്തിക്കുന്നതിന് വരെ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പ്രസരണ ഇടനാഴിയുടെ ശേഷിക്കുറവും അഭാവവുമാണ് കാരണം. പ്രവൃത്തി ആരംഭിച്ച ഇടമണ്‍-കൊച്ചി 400 കെവി ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണ്. സബ്‌സ്റ്റേഷനുകളുടെയും പ്രസരണലൈനിന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിന് 10,000 കോടി രൂപയുടെ ടാന്‍സ്ഗ്രിഡ്- 2 എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
400 കെവി, 200 കെവി സബ്‌സ്റ്റേഷനുകളുടെ കുറവ് കാരണമാണ് സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്നത്. പുതിയ പ്രസരണലൈനുകള്‍ വലിക്കുന്നതിന് പൊതുജനങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള പ്രസരണലൈനിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് തീരുമാനം. ടാന്‍സ്ഗ്രിഡ്- 2 പദ്ധതിപ്രകാരം അഞ്ചുവര്‍ഷത്തിനുള്ളില്‍ 400 കെവിയുടെ അഞ്ചും 220 കെവിയുടെ 24ഉം സബ്‌സ്റ്റേഷനുകള്‍ പുതുതായി സ്ഥാപിക്കും. നിലവില്‍ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നിടത്ത് ഒന്നിലധികം സബ്‌സ്‌റ്റേഷനുകള്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. അങ്ങനെയാവുമ്പോള്‍ ഒരു സബ്‌സ്‌റ്റേഷന്റെ തകരാര്‍ കാരണം വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാം.
മുടങ്ങിക്കിടക്കുന്നതും നടന്നുവരുന്നതുമായ വൈദ്യുതോല്‍പാദന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. ഇതുവഴി മൂന്നുവര്‍ഷത്തിനകം 300 മെഗാവാട്ടിന്റെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക