|    May 1 Mon, 2017 3:59 am
FLASH NEWS

മുക്കു പണ്ടത്തില്‍ മയക്കുമരുന്ന് പുരട്ടി സ്വര്‍ണാഭരണം കവര്‍ന്നു

Published : 26th October 2016 | Posted By: SMR

പള്ളിക്കല്‍: മുക്കുപണ്ടത്തില്‍ മയക്കുമരുന്ന് പുരട്ടി സ്ത്രീയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പള്ളിക്കല്‍ ബസാര്‍ കൂനോള്‍മാട്ടില്‍ സ്‌കൂള്‍ പടിയിലെ വീട്ടമ്മയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. 40 വയസ് തോന്നിക്കുന്ന ഇരുനിറത്തിലുള്ള, ക്ലീന്‍ ഷേവ് ചെയ്ത് പച്ച ഷര്‍ട്ട് ധരിച്ചെത്തിയയാളാണ് തട്ടിപ്പു നടത്തിയത്. വീട്ടമ്മയുടെ പരാതി പ്രകാരം തേഞ്ഞിപ്പലം പോലിസ് കേസെടുത്തു. വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണാഭരണമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയെത്തിയ ഇയാള്‍, കേരളത്തിലെ പ്രശസ്ത ജ്വല്ലറിയുടെ ഏജന്റാണെന്നും ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍വാങ്ങുന്നവരില്‍നിന്നു പണിക്കൂലി ഈടാക്കുന്നില്ലെന്നും പറഞ്ഞാണ് വീട്ടമ്മയെ സമീപിച്ചത്. സ്വര്‍ണാഭരണം ഇപ്പോള്‍ വേണ്ടെന്നു പറഞ്ഞ് പിന്തിരിഞ്ഞ വീട്ടമ്മയോട് നിങ്ങള്‍ സ്വര്‍ണാഭരണമെടുക്കേണ്ടെന്നും മോഡല്‍ നോക്കിയാല്‍ മതിയെന്നും പറയുകയായിരുന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന മൂന്നു പവന്‍തൂക്കംവരുന്ന സ്വര്‍ണവള യുവതിക്കു നല്‍കുകയും ചെയ്തു. വള പരിശോധിക്കുന്നതിനിടെ യുവതിക്ക് ബോധക്കുറവും തലകറക്കവും കൈകാല്‍ തളര്‍ച്ചയും അനുഭവപ്പെട്ടു. ഈ സമയം തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടപ്രകാരം യുവതി കൈചെയിനും കമ്മലും ഊരി നല്‍കുകയും ചെയ്തു. മുക്കു കൊണ്ടു നിര്‍മിച്ച ഒരു വളയും രണ്ട് ചെറിയ വളകളും ഒരു മോതിരവും രണ്ട് കമ്മലും പകരം നല്‍കുകയും ചെയ്തു. അരമണിക്കൂറിനു ശേഷം യുവതി പൂര്‍വബോധത്തിലേയ്ക്കു തിരിച്ചുവന്നപ്പോഴാണു കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തേഞ്ഞിപ്പലം പോലിസിനും സ്വര്‍ണാഭരണ തട്ടിപ്പു സംബന്ധിച്ചു യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day