|    Jan 23 Mon, 2017 8:32 pm
FLASH NEWS

മുക്കുപണ്ട തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്

Published : 19th October 2016 | Posted By: Abbasali tf

കാസര്‍കോട്: മുക്കുപണ്ടം പണയംവച്ച് മുട്ടത്തൊടി, മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് വഞ്ചിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മുട്ടത്തൊടി ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചില്‍ നിന്നും വിദ്യാനഗര്‍ ഈവനിങ് ബ്രാഞ്ചില്‍ നിന്നും 4.7 കോടി രൂപയാണ് തട്ടിയെടുത്തത്. ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസിന്റെ ശുപാര്‍ശയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ ജൂണ്‍നാലിനാണ് ബാങ്കില്‍തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. നാലു കേസുകളാണ് ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളും താമസിയാതെ ക്രൈംബ്രാഞ്ചിന് കൈമാറും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചു. ജൂണ്‍ ഒന്നിന് മജീദ് എന്ന വ്യക്തി ഒരേഇടപാടില്‍ സ്വര്‍ണം പണയംവച്ച് ഏഴ് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതില്‍ സംശയം തോന്നി ബാങ്കിന്റെ നായന്മാര്‍മൂല ശാഖയിലെ ജീവനക്കാര്‍ സ്വര്‍ണം ഒരു ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് പണയംവച്ചത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായി മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയതായി കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരു ബ്രാഞ്ചുകളിലേയും അപ്രൈസര്‍മാരായ നീലേശ്വരത്തെ പി വി രതീഷ്, സഹോദരന്‍ പി വി സത്യപാല്‍, വിദ്യാനഗര്‍ ശാഖാ മാനേജര്‍ മാവുങ്കാല്‍ കോട്ടപ്പാറയിലെ വി ആര്‍ സന്തോഷ്, മുക്കുപണ്ടം പണയംവച്ച അബ്ദുല്‍മജീദ്, ഹാരിസ്, ആദൂര്‍ കുണ്ടാറിലെ ഹാരിസ് സഖാഫി എന്ന യു കെ ഹാരിസ്, വ്യാജ സ്വര്‍ണത്തിന് ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തി നല്‍കിയ നായന്മാര്‍മൂലയിലെ വന്ദന ജ്വല്ലറി ജീവനക്കാരന്‍ ഭീമനടി കൂവരപ്പല്‍ പറമ്പിലെ കെ ജയരാജന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഹാരിസ് സഖാഫിയുടെ നേതൃത്വത്തില്‍ നിരവധി സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയാണ് മുക്കുപണ്ടം പണയംവച്ചത്. 21 കിലോയോളം മുക്കുപണ്ടമാണ് പണയംവച്ചിട്ടുള്ളത്. പോലിസ് കേസ് എടുത്തതോടെ മുക്കുപണ്ടം പണയംവച്ച ചിലര്‍ തിരിച്ചെടുത്തിരുന്നു. ഇതുവഴി 40 ലക്ഷം രൂപ ബാങ്കിന് തിരിച്ചുലഭിച്ചിട്ടുണ്ട്. ഇനി 3.67 കോടി രൂപ ബാങ്കിന് പിരിഞ്ഞ് കിട്ടാനുണ്ടെന്ന് പ്രസിഡന്റ് ഇ അബൂബക്കര്‍, സെക്രട്ടറി വേണു എന്നിവര്‍ തേജസിനോട് പറഞ്ഞു. അതിനിടെ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം കാനത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ബോവിക്കാനം ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് 1.21 ലക്ഷം രൂപ വായ്പ എടുത്ത വഞ്ചിച്ചതിന് യു കെ ഹാരിസ് സഖാഫി, അപ്രൈസര്‍ സതീശന്‍ എന്നിവര്‍ക്കെതിരെ ആദൂര്‍ പോലിസ് കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മുക്കുപണ്ടം പണയംവച്ച് വ്യാപകമായി തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ പരിശോധന കര്‍ശനമായതോടെ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണ വകുപ്പിന്റെ സ്വര്‍ണപണ്ടപരിശോധന ഒഴിവാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ചില നേതാക്കളടക്കം ഇപ്പോള്‍ മുക്കുപണ്ട തട്ടിപ്പ് കേസില്‍ റിമാന്റിലുണ്ട്. കാസര്‍കോട് ക്രൈംബ്രാഞ്ച്് യൂനിറ്റ് ഡിവൈഎസ്പി എല്‍ സുരേന്ദ്രന്‍, സിഐമാരായ എ സതീഷ് കുമാര്‍, കെ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രമാദമായ മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട പണയതട്ടിപ്പ് അന്വേഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക