|    Aug 21 Mon, 2017 3:40 pm
FLASH NEWS

മുക്കുപണ്ടപ്പണയം; യുവാവ് അറസ്റ്റില്‍

Published : 7th August 2017 | Posted By: fsq

 

പുല്‍പ്പള്ളി: സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി കളനാടിക്കൊല്ലി വിനോദാ(28)ണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ മണല്‍വയല്‍ പുത്തന്‍പുരയ്ക്കല്‍ പി വി ബിജു ഒളിവിലാണ്. പുല്‍പ്പള്ളിയിലെ സിറ്റി ബാങ്കേഴ്‌സില്‍ നിന്നു 34000 രൂപയും അതുല്യ ബാങ്കേഴ്‌സില്‍ നിന്നു 43000 രൂപയും വിനോദ് തട്ടിച്ചതായാണ് പരാതി. പുല്‍പ്പള്ളിയിലെ പണമിടപാട് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്വര്‍ണപ്പണയ തട്ടിപ്പ് കഥകള്‍ പുറത്തുവന്നിരിക്കുന്നത്. ജില്ലയിലെ ചില ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘം സജീവമാവുന്നതായി പോലിസിന് സൂചനയുണ്ട്. ഇതര ജില്ലകളില്‍നിന്നുള്ള സംഘങ്ങള്‍ തദ്ദേശീയരെ കണ്ടെത്തി കമ്മീഷന്‍ നല്‍കി മുക്കുപണ്ടം പണയംവയ്ക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നാണ് പോലിസ് നിഗമനം. മംഗലാപുരം ആസ്ഥാനമായി ചിലര്‍ സംഘത്തിലെ മുഖ്യകണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു സൂചനയുണ്ട്. ബാങ്കുകളില്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന കാരറ്റ് അനലൈസര്‍ യന്ത്രത്തിന് പോലും തിരിച്ചറിയാനാവാത്ത ആഭരണങ്ങളാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി പുല്‍പ്പള്ളി മണല്‍വയല്‍ പുത്തന്‍പുരയ്ക്കല്‍ പി വി ബിജുവിനെ അന്വേഷിച്ചുവരികയാണ്. ഇയാള്‍ സിറ്റി ബാങ്കേഴ്‌സില്‍ വ്യാജ സ്വര്‍ണം പണയംവച്ച് 50000 രൂപ തട്ടിയിട്ടുണ്ട്. പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിലൂടെയാണ് ഈ വന്‍തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ശനിയാഴ്ച പോലിസ് അന്വേഷിച്ചെത്തിയപ്പോഴാണ്, ഇവര്‍ പണയംവച്ചത് മുക്കുപണ്ടമാണെന്നത് സ്ഥാപനത്തിലെ ജീവനക്കാര്‍ പോലുമറിയുന്നത്. സ്വര്‍ണനിര്‍മാതാക്കളുടെ തിരിച്ചറിയില്‍ വൈഭവത്തെപോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ മുക്കുപണ്ടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ന916 മുദ്ര പതിപ്പിച്ച്, അത്യാധുനിക രീതിയില്‍ നിര്‍മിച്ച വ്യാജ വളകളാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഇവര്‍ പണയംവച്ചത്. ഉരച്ചുനോക്കിയാലോ തറയിലിട്ടാലോ സ്വര്‍ണമായിട്ട് തന്നെയാണ് ഈ വളകള്‍ തോന്നുക. ഒരേ ഡിസൈനിലാണ് വളകള്‍ നിര്‍മിച്ചിരിക്കുന്നത്. പോലിസിന്റെ പിടിയിലായ വിനോദില്‍ നിന്ന് മൂന്നു വളകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ ഇവര്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക