|    Feb 20 Tue, 2018 1:41 am
FLASH NEWS

മുക്കാളി മാടംവച്ച കുനിയില്‍ കണ്ടലുകള്‍ വെട്ടി നീര്‍ത്തടം നികത്തുന്നു

Published : 8th January 2017 | Posted By: fsq

വടകര: അഴിയൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡ് അതിര്‍ത്തി മേഖലയില്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നു. കൊളരാട് തെരുമാടവച്ച കുനി പ്രദേശത്തെ നീര്‍ത്തട മേഖലയിലെ കണ്ടല്‍ക്കാടുകളും പുഴയോര ചെടികളുമാണ് വെട്ടി നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. അരയേക്കറോളം പ്രദേശത്തെ ചെടികള്‍ ഇത്തരത്തില്‍ വെട്ടി മാറ്റിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മണ്ണിട്ട് നീര്‍ത്തടമേഖല നികത്തുകയും ചെയ്തിട്ടുണ്ട്. പുഴയില്‍ നിന്നു വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കൈപ്പാട് മേഖലയിലാണ് എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് കണ്ടല്‍ നശീകരണവും മണ്ണിട്ടു നികത്തലും നടക്കുന്നത്. ഈ മേഖലയില്‍ പല ഭാഗങ്ങളും ഇതിനു മുമ്പു മണ്ണിട്ടു നികത്തിയതോടെ വേലിയേറ്റ സമയത്ത് മറ്റു ഭാഗങ്ങളിലൂടെ ഉപ്പു വെള്ളം കരപ്രദേശത്തു കയറുകയാണ്. ഇതോടെ നിരവധി വീട്ടുകാര്‍ തങ്ങളുടെ കിണറുകളും മറ്റു ജലസ്രോതസുകളും ഉപ്പുമയമായി ഉപയോഗ ശൂന്യമായി മാറുമെന്ന ആശങ്കയിലാണ്. നേരത്തെ പുഴയില്‍ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ചീര്‍പ്പുണ്ടായിരുന്നു. പിന്നീട് ചീര്‍പ്പ് നശിക്കുകയും ഇതിനോടു ചേര്‍ന്നത ഭാഗം പുഴയെടുക്കുകയും ചെയ്തതോടെ ഏതു സമയവും കൈപ്പാടില്‍ ഉപ്പുവെള്ളം നിറഞ്ഞിരിക്കുകയാണ്. പുഴയെടുത്ത കരഭാഗം മണ്ണിട്ടു നികത്തുന്നതിനൊപ്പം ചീര്‍പ്പ് അറ്റകുറ്റപ്പണ നടത്തി ഉപ്പുവെള്ളം കയറുന്നത് തടയണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. നീര്‍ത്തട മേഖലയിലെ കണ്ടലുകള്‍ വെട്ടി മണ്ണിട്ടു നികത്തുന്നതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ ആണെന്നു സിപിഐ എം കൊളരാട് തെരു ബ്രാഞ്ച് ആരോപിച്ചു. കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും തുടര്‍ പ്രവൃത്തി തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സി.എച്ച് രവി അധ്യക്ഷത വഹിച്ചു. പി.പി.ശ്രീധരന്‍, കെ. കുഞ്ഞികൃഷ്ണന്‍, സി.കെ. നാരായണന്‍, സി.എച്ച്. സുരേഷ് ബാബു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss