|    Jan 25 Wed, 2017 1:04 am
FLASH NEWS

മുക്കത്ത് നാലര ലക്ഷത്തിന്റെ മല്‍സ്യ-മാംസ സംസ്‌കരണ പ്ലാന്റ് മണ്ണിനടിയില്‍

Published : 3rd September 2016 | Posted By: SMR

മുക്കം: മുക്കം ടൗണില്‍ മാലിന്യം നിക്ഷേപിക്കാന്‍ വഴിയില്ലാതായതോടെ മാലിന്യം തള്ളുന്നത് നടുറോഡില്‍. അതേസമയം മാലിന്യ നിക്ഷേപത്തിനായി മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ തുടക്കം കുറിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ മണ്ണിനടിയില്‍ കിടക്കുന്നു. 2008ല്‍ അന്നത്തെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജോസ് മാത്യുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം നാലര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്ലാന്റ് ഇന്ന് മണ്ണിനടിയിലാണ്. ഇഎംഎസ് ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തായിരുന്നു അന്ന് പ്ലാന്റ് നിര്‍മിച്ചത്. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നതും ചില മല്‍സ്യ-മാംസ തൊഴിലാളികളുടെ എതിര്‍പ്പും കാരണം പദ്ധതി വിജയിച്ചില്ല.
ഇതോടെ പ്ലാന്റിനായി വായ്പയെടുത്ത നാലര ലക്ഷം രൂപയുടെ പലിശ ഇന്നും അടച്ചു വരികയും ചെയ്യുന്നു. ലക്ഷങ്ങളാണ് ഇത്തരത്തില്‍ പലിശയിനത്തില്‍ പൊതുജനത്തിന്റെ നികുതി പണം അടച്ച് തീര്‍ത്തത്.  2008 കാലഘട്ടത്തില്‍ മുക്കത്ത് ഇപ്പോള്‍ ഷോപ്പിങ് കോംപ്ലക്‌സ് നില്‍ക്കുന്ന സ്ഥലത്തിനടുത്തായി പ്രവര്‍ത്തിച്ചിരുന്ന മല്‍സ്യ മാര്‍ക്കറ്റ് അവിടെ നിന്നു മാറ്റാന്‍ കോടതി ഉത്തരവുണ്ടായിരുന്നങ്കിലും പഞ്ചായത്തധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ മുക്കം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ഉണ്ണികൃഷ്ണനാണ് മാര്‍ക്കറ്റ് മാറ്റാന്‍ മുന്നിട്ടിറങ്ങിയിരുന്നത്. നേരത്തെ മുക്കത്ത് ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് വലിയ കുഴിയെടുത്തിരുന്നു എങ്കിലും ബസ്സ്റ്റാന്റിലെ കക്കൂസ് ടാങ്ക് നിറഞ്ഞതോടെ ഈ കുഴി കക്കൂസ് ടാങ്കായി മാറ്റുകയായിരുന്നു.
ഇപ്പോള്‍ മുക്കം ടൗണില്‍ വലിയ രീതിയിലാണ് മാലിന്യപ്രശ്‌നം അനുഭവിക്കുന്നത്. മല്‍സ്യ-മാംസ കടകളില്‍ നിന്ന് പാലക്കാട്ടെ സംസ്‌കരണ പ്ലാന്റിലേക്കെന്ന് പറഞ്ഞ് ശേഖരിക്കുന്ന മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ മുക്കത്തും പരിസരങ്ങളിലും തള്ളുകയാണ് ചെയുന്നത്.  ഇതിനെതിരെ ഒരു മാസം മുമ്പ് നാട്ടുകാര്‍ നേരിട്ടിറങ്ങി മുക്കത്ത് വാഹനങ്ങള്‍ പിടിച്ച് പോലിസിലേല്‍പ്പിച്ച നടപടി വരെയുണ്ടായിട്ടുണ്ട്.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച 2 മാലിന്യ പ്ലാന്റുകള്‍ മണ്ണിനടിയില്‍ കിടക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥയില്‍ നാട്ടുകാര്‍ മാലിന്യം പേറി കഴിയുന്നത്. മല്‍സ്യ-മാംസ കടകളില്‍ നിന്ന് അഴുക്കുചാലിലൂടെ ഒഴുക്കുന്ന മാലിന്യങ്ങള്‍ ഇരുവഴിഞ്ഞി പുഴയില്‍ വരെ എത്തുന്നുണ്ട്. ഇത് വലിയ രീതിയില്‍ പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക