|    Mar 29 Wed, 2017 12:52 pm
FLASH NEWS

മുക്കത്ത് ട്രാഫിക് പരിഷ്‌കരണം താളംതെറ്റുന്നു; അധികൃതരുടെ നിസ്സംഗത

Published : 29th August 2016 | Posted By: SMR

മുക്കം: ടൗണിലെ ട്രാഫിക് പരിഷ്‌കരണം അവതാളത്തിലേക്ക്. നഗരസഭയും പോലിസും ട്രാഫിക് റഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണമാണ് നോക്കി നടത്താന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് പരാജയത്തിലേക്ക് നീങ്ങുന്നത്.
ഏതാനും കച്ചവടക്കാരുടെയും ബസുടമകളുടെയും കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് ട്രാഫിക് പരിഷ്‌കരണം ആരംഭിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രാഫിക് പരിഷ്‌കരണ ശ്രമങ്ങള്‍ നടന്നപ്പോഴും ഈ വിഭാഗങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നു. ജൂലൈ 20നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മുക്കം പരിഷ്‌കരണ ട്രയല്‍ തുടങ്ങിയപ്പോള്‍ തന്നെ ശാന്തമായി. അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചും ഉന്തുവണ്ടികളും മറ്റും തിരക്കേറിയ ഭാഗങ്ങളില്‍ നിന്ന് മാറ്റിയും പരിഷ്‌കരണം വലിയ വിജയമായി. തുടക്കത്തില്‍ കൗണ്‍സിലര്‍മാരും പിന്നീട് പോലിസും വിവിധ വിദ്യാലയങ്ങളിലെ ജെആര്‍സി, എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അംഗങ്ങളും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി. എന്നാല്‍, ആഗസ്ത്പതിനഞ്ച് വരെ കൃത്യമായി നടന്ന പരിഷ്‌കരണം വണ്‍വേകള്‍ തുടങ്ങുന്നിടത്ത് ദിശ തിരിക്കാനാളില്ലാതായതോടെയാണ് താളം തെറ്റിയത്. ആളില്ലാതായതോടെ പരിചയമുള്ളവരും നിയമം ലംഘിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മുഴുവന്‍ വണ്‍വേകളിലും നിയമ ലംഘനം തുടരുകയാണ്. ഉന്തുവണ്ടിക്കാരെ നഗരസഭാ കാര്യാലയത്തിന്റെ പിറകു വശത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിരുന്നെങ്കിലും ഇപ്പോള്‍ മുക്കത്തിന്റെ പല ഭാഗങ്ങളിലും ഉന്തുവണ്ടിക്കാര്‍ കച്ചവടം തുടങ്ങിയിരിക്കുകയാണ്.പഴയ ബസ്റ്റാന്റില്‍ നിന്ന് പുറത്തിറങ്ങുന്ന ഭാഗത്തും ആലിന്‍ ചുവട് പരിസരത്തും പഴയ ബസ്റ്റാന്റിന്റെ കിഴക്ക് ഭാഗത്തും കച്ചവടം തുടങ്ങിയിട്ടുണ്ട്.
ഓട്ടോറിക്ഷകളുടെ ട്രാക്ക് മാറ്റം നടക്കാത്തതും വലിയ ക്ഷീണമായി. പുതിയ സ്റ്റാന്റിലേക്കുള്ള റോഡിലെ ഓട്ടോ ട്രാക്ക് വലിയ പ്രശ്‌നമാണുണ്ടാക്കുന്നത്. ബസ്റ്റാന്റിന്റെ കിഴക്കുവശത്തെ ഓട്ടോ ട്രാക്കില്‍ ഓട്ടോകള്‍ നിറഞ്ഞ് തൊട്ടടുത്ത ഷോപ്പുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട ശ്രമഫലമായി നടപ്പിലായ ഗതാഗത പരിഷ്‌കരണം പാളിയതോടെ മുക്കത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day