|    Oct 19 Fri, 2018 6:36 pm
FLASH NEWS

മുകുളം പദ്ധതി: വിഷയാടിസ്ഥാനത്തില്‍ ഉപജില്ലാ ക്യാംപുകള്‍ സംഘടിപ്പിക്കും

Published : 21st September 2017 | Posted By: fsq

 

കണ്ണൂര്‍:സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മുകുളം പദ്ധതിയുടെ ഭാഗമായി പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായി ഉപജില്ലാ തലത്തില്‍ വിഷയാധിഷ്ഠിത ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ പഠനപിന്നാക്കാവസ്ഥ കണ്ടെത്തി ആവശ്യമുള്ളവര്‍ക്കാണ് ക്യാംപുകള്‍ നടത്തുക. മുകുളം പദ്ധതിയുടെ സ്‌കൂള്‍തല യോഗങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അധ്യക്ഷതയില്‍ 30നകം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഠനപുരോഗതി അവലോകനം, സ്‌കൂള്‍ അക്കാദമിക, ഭൗതികസൗകര്യ വികസന പദ്ധതികളുടെ പുരോഗതി, ഏറ്റെടുക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഈ അധ്യയനവര്‍ഷം നവംബര്‍, ഫിബ്രുവരി മാസങ്ങളിലും ഇത്തരം യോഗങ്ങള്‍ നടക്കും. പ്രതിമാസ ക്ലാസ് പിടിഎ യോഗങ്ങള്‍ ചേര്‍ന്ന്് അതാത് ഘട്ടങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗം നിര്‍ദേശിച്ചു. കുട്ടികളെ സംബന്ധിച്ച് വ്യക്തിപരമായി രക്ഷിതാക്കളുമായി സംവദിക്കാനുള്ള വേദിയാക്കി ക്ലാസ് പിടിഎ യോഗങ്ങള്‍ മാറ്റണം. രക്ഷാകര്‍തൃബോധവല്‍ക്കരണം, പഠനപിന്തുണ ഉറപ്പാക്കല്‍, കൗണ്‍സലിങ്, വായനാപോഷണം, ആരോഗ്യശുചിത്വ ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കും. പഠനപ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യൂനിറ്റ് ടെസ്റ്റുകള്‍, മോഡല്‍ പരീക്ഷ എന്നിവയും നടത്തണം. ഇതിന് ഉപയോഗിക്കാനായി 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിഷയങ്ങളെ അധികരിച്ച് മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കും. സ്‌കൂള്‍തല പ്രത്യേക പഠന പോഷണ പരിപാടി എന്ന നിലയില്‍ 5 രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിന് തുക അനുവദിക്കും. വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന പരീക്ഷകളുടെ വിശകലനം തയ്യാറാക്കി ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കായി പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസവകുപ്പ്, ആര്‍എംഎസ്എ, എസ്എസ്എ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി മുകുളം പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ആര്‍എംഎസ്എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ കെ എം കൃഷ്ണദാസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി ഐ വല്‍സല, പി ഐ സുഗുണന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss