|    Nov 16 Fri, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുംബൈ ട്രെയിന്‍ സ്‌ഫോടനം: ദുരൂഹത കൂടുന്നു

Published : 24th January 2018 | Posted By: kasim kzm

സ്വന്തം  ലേഖകന്‍
മുംബൈ: 2006ല്‍ 189 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികള്‍ ആരാണ്? കഴിഞ്ഞദിവസം ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെ ല്‍ ഇതുസംബന്ധിച്ച വിവാദത്തിന് വീണ്ടും തിരികൊളുത്തി. ‘2006 ജൂലൈ 11ന് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ സിമിയും ഐഎമ്മും (ഇന്ത്യന്‍ മുജാഹിദീന്‍) സ്‌ഫോടന പരമ്പര നിര്‍വഹിച്ചു’വെന്നാണ് തിങ്കളാഴ്ച ഡ ല്‍ഹി പോലിസിന്റെ സ്‌പെഷ്യ ല്‍ സെല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മുംബൈ പോലിസിന്റെ കണ്ടെത്തലുകള്‍ക്ക് നേര്‍വിപരീതമാണിത്. ഈ കേസില്‍ കുറ്റവാളികളെ കോടതി കണ്ടെത്തുകയും വധശിക്ഷയും ജീവപര്യന്തം തടവും വിധിക്കുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ തിരക്കുള്ള സമയത്ത് മുംബൈ സബര്‍ബന്‍ തീവണ്ടികളില്‍ ഏഴ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ത്യ കണ്ട ഇത്തരത്തിലുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അന്വേഷണം നടത്തി, 10 ദിവസം കഴിഞ്ഞ് പാകിസ്താന്‍ കേന്ദ്രമായി ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള 13 പേരെ അറസ്റ്റ് ചെയ്തു. നീണ്ട വിചാരണയ്ക്കു ശേഷം പ്രത്യേക മക്കോക്ക കോടതി കുറ്റാരോപിതരില്‍ അബ്ദുല്‍ വാഹിദ് ദിന്‍ മുഹമ്മദ് ശെയ്ഖിനെ വെറുതെവിട്ടപ്പോള്‍ 12 പേര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തി. അഞ്ചുപേര്‍ക്കു വധശിക്ഷ വിധിച്ചു. മറ്റുള്ളവര്‍ക്ക് മക്കോക്ക, യുഎപിഎ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം ശിക്ഷനല്‍കി. കമാല്‍ അന്‍സാരി, ഫൈസല്‍ ശെയ്ഖ്, ഇസ്തിശാം സിദ്ദീഖി, നവീദ് ഖാന്‍, ആസിഫ് ബഷീര്‍ ഖാന്‍ എന്നിവര്‍ക്കാണു തൂക്കുമരം വിധിക്കപ്പെട്ടത്. എല്ലാം കഴിഞ്ഞിട്ടും എടിഎസിന്റെ അവകാശവാദങ്ങളും കോടതിയുടെ ശിക്ഷയും സംബന്ധിച്ച് ചോദ്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ നിരപരാധികളാണെന്നു വാദിച്ചു, ഉന്നത കോടതികളില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചതായി ദ ഹിന്ദു ലേഖിക രാഹി ഗെയ്ക്‌വാദ് രേഖപ്പെടുത്തിയിരുന്നു. അജ്ഞാതര്‍ വെടിവച്ചു കൊന്ന യുവ അഭിഭാഷകന്‍ ഷാഹിദ് അസ്മി ഈ കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇതിനിടെ, 2008ല്‍ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖ് ഇസ്‌റാര്‍ ശെയ്ഖ്, 2013ല്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത യാസീന്‍ ഭട്കല്‍ എന്നിവര്‍ തങ്ങള്‍ അംഗങ്ങളായ ഇന്ത്യന്‍ മുജാഹിദീനാണു സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ടതായി പോലിസ് പറഞ്ഞിരുന്നു. 12 പ്രതികള്‍ക്ക് ശിക്ഷവിധിച്ച കേസില്‍ ഈ പുതിയ വഴിത്തിരിവ് സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകരിലുള്‍പ്പെടുന്ന, നിരോധിത സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ സൈദ്ധാന്തികരില്‍ ഒരാളുമായ അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി എന്ന തൗഖീര്‍ ഈ സ്‌ഫോടനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ ഡല്‍ഹി പോലിസ് പറയുന്നത്.
2006 മുതല്‍ 13 വരെയുള്ള നിരവധി ബോംബ് സ്‌ഫോടന പരമ്പരകളില്‍ ഖുറൈശിക്ക് പങ്കുണ്ടായിരുന്നുവെന്നി പോലിസ് ആരോപിക്കുന്നു. 2006 ജൂലൈ 11ന് സിമിയും ഐഎമ്മും മുബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ സ്‌ഫോടനപരമ്പരകള്‍ നടത്തി. തുടര്‍ന്ന് ഈ കേസിലുള്‍പ്പെട്ട തൗഖീര്‍ (ഖുറൈശിയുടെ അപരനാമം) മുംബൈയില്‍ നിന്നും കര്‍ണാടകയിലേക്ക് ഒളിച്ചോടി. സിമിയും ഐഎമ്മും ചേര്‍ന്ന് വ്യാപകമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുവെന്ന് പോലിസിന്റെ വാര്‍ത്താക്കുറിപ്പ് തുടരുന്നു.
മുംബൈ എടിഎസിന്റെ അവകാശവാദങ്ങളെക്കുറിച്ച് തങ്ങള്‍ക്കു സംശയങ്ങളുണ്ടായിരുന്നുവെന്ന് റോയില്‍ നിന്നു പിരിഞ്ഞ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തുറന്നുപറഞ്ഞതായി ദി ഹിന്ദു ലേഖിക വിജേതാ സിങ് റിപോര്‍ട്ട് ചെയ്യുന്നു. ഞങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ വിശ്വസനീയമായിരുന്നു. സംഭവത്തിന്റെ കണ്ണികള്‍ ബിഹാര്‍ അതിര്‍ത്തിയിലേക്കായിരുന്നു. പക്ഷേ, എടിഎസ് പെട്ടെന്ന് തിരക്കഥ മാറ്റി, അവകാശവാദവുമായി വരികയായിരുന്നു- അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി 1988ലാണ് ആദ്യമായി അറസ്റ്റിലായത്. ബാബരി മസ്ജിദിനെക്കുറിച്ച പോസ്റ്റര്‍ പതിച്ച കേസിലായിരുന്നു അറസ്റ്റ്. പിന്നീട് സിമിയുടെ ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കു പോയ ഖുറൈശി സിമി മുഖപത്രം ഇസ്‌ലാമിക് മൂവ്‌മെന്റ് മാസികയുടെ പത്രാധിപരായത്രെ!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss