|    Oct 16 Tue, 2018 6:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുംബൈ കലാപത്തിലെ പോലിസ് അതിക്രമം ഇനിയും നീതി ലഭിക്കാതെ ഇരകള്‍

Published : 8th December 2017 | Posted By: kasim kzm

മുംബൈ: കാല്‍ നൂറ്റാണ്ടോളം പിന്നിട്ടിട്ടും  1990കളിലെ മുംബൈ കലാപകാലത്തു പോലിസ് അതിക്രമങ്ങളുടെ ഇരകള്‍ക്കു നീതി ലഭിച്ചില്ല. 1992 ജനുവരി 8നായിരുന്നു 47കാരനായ അബ്ദുല്‍ വഹാബ് ഖാനെ മുംബൈയിലെ ഇമാംബാദയില്‍ പോലിസ് വെടിവച്ചു കൊന്നത്. വീട്ടിലെ കോണിപ്പടികള്‍ കയറവേ മുതുകില്‍ പതിച്ച വെടിയുണ്ട, ഹൃദയം തുളച്ചു ഖാന്റെ ജീവനെടുക്കുകയായിരുന്നു. വെടിവയ്പിനെ തുടര്‍ന്നുള്ള മരണമെന്നായിരുന്നു അന്നു ജെജെ സര്‍ക്കാര്‍ ആശുപത്രി മരണകാരണം രേഖപ്പെടുത്തിയത്. പോലിസ് രേഖകളിലോ, 1992-93 കാലത്തെ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ ജുഡീഷ്യല്‍ കമ്മീഷന്റെ റിപോര്‍ട്ടിലോ കൊലപാതകം സംബന്ധിച്ചു മറ്റൊരു പരാമര്‍ശവുമില്ല. കലാപത്തില്‍ 900 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ നിരവധി പേര്‍ ഈ കണക്കുകള്‍ക്കു പുറത്താണ്. കലാപത്തിനിടെ കാണാതായവരും ധാരാളം. അതില്‍ ഒരാളാണ് അബ്ദുല്‍ വഹാബ് ഖാ ന്‍. ഖാന്റെ കൊലപാതകത്തില്‍ പ്രതിഷേധങ്ങളുയര്‍ന്നുവന്നില്ല. നിയമപരമോ, സാമൂഹികമോ ആയ പിന്തുണ കുടുംബത്തിനു ലഭിച്ചില്ല. കൊലപാതകത്തില്‍ പോലിസിനെതിരേ കേസ് കൊടുക്കാമെന്ന കാര്യം ഇപ്പോഴും തനിക്കറിയില്ലെന്നു 25 വര്‍ഷങ്ങള്‍ക്കു ശേഷം ഖാന്റെ പത്‌നി മുംതാസ് പറയുന്നു. പോലിസിനെതിരേ കേസ് കൊടുക്കാന്‍ സാധിക്കുമോ എന്നാണ് അവരുടെ ചോദ്യം. ഖാനൊപ്പം ഒരു മുസ്‌ലിം സ്ത്രീയും അന്ന് ഇമാംബാദയില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. ലാലയുടെ അമ്മായി എന്നായിരുന്നു ആ സ്ത്രീ അറിയപ്പെട്ടിരുന്നതെന്നു മുംതാസ് പറഞ്ഞു. ‘അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പ്രദേശത്തു കര്‍ഫ്യൂ ചുമത്തിയിരുന്നതിനാല്‍ ആളുകള്‍ വീടിനകത്താണു നമസ്‌കരിച്ചത്. പെട്ടെന്ന് അകലെയല്ലാതെ ബഹളവും വെടിവയ്പിന്റെ ശബ്ദവും കേട്ടു. പുറത്തു കുട്ടികളൊന്നും കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തന്റെ ഭര്‍ത്താവും മറ്റുള്ളവരും താഴേക്കിറങ്ങി. തിരിച്ചുകയറി മറ്റുള്ളവര്‍ മുകളിലെത്തിയെങ്കിലും ഖാന്‍ മാത്രം കോണിപ്പടിയിലായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനു വെടിയേറ്റത്. ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹം മരിച്ചതായി അവര്‍ പറഞ്ഞു.’ 60കാരിയായ മുംതാസ് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു. 1993 ജനുവരി 10നു തനിക്കു സംഭവിച്ചത് അതി ഭീകരമായ കാര്യമായിരുന്നെന്ന് അന്ന് വാഡാലയിലെ ഹരി മസ്ജിദില്‍ വെടിവയ്പില്‍ പരിക്കേറ്റ ഫാറൂഖ് മാപ്കര്‍ പറഞ്ഞു. എന്നാല്‍ വെടിവയ്പിനു ശേഷമുണ്ടായത് അതിലും മോശമായിരുന്നു. ഏഴു പേര്‍ കൊല്ലപ്പെട്ട വെടിവയ്പില്‍ മാപ്കാര്‍ അടക്കം ആറുപേര്‍ക്കാണു പരിക്കേറ്റത്. തുടര്‍ന്നു കലാപശ്രമം ആരോപിച്ച് മാപ്കാര്‍ അടക്കം 50 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. 17 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 2009ല്‍ മാത്രമാണ് ആ കേസില്‍ നിന്നു മാപ്കാര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് വിധി പുറത്തുവന്നത്. നിഖില്‍ കാപ്‌സെ എന്ന പോലിസ് ഉദ്യോഗസ്ഥനാണ് അന്നു തനിക്കും മറ്റ് ആറു പേര്‍ക്കും നേര്‍ക്കു നിറയൊഴിച്ചത്. എന്നാല്‍ കാപ്‌സെയെ സിബിഐ കുറ്റവിമുക്തനാക്കി. ആക്രമണത്തിനിരയായവരുടെ മൊഴികള്‍ വിശ്വസിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു നടപടി. തങ്ങള്‍ നിഷ്പക്ഷരായ സാക്ഷികളല്ലെന്നു സിബിഐ അന്ന് ആരോപിച്ചു. സിബിഐയുടെ വാദം സെഷന്‍സ് കോടതിയും അംഗീകരിച്ചതായി മാപ്കാര്‍ പറഞ്ഞു. മൂന്നുതവണ കാപ്‌സെയെ സര്‍ക്കാര്‍ രക്ഷിച്ചു. അപ്പോഴെല്ലാം താന്‍ അതിനെതിരേ അപ്പീല്‍ നല്‍കി. ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിട്ടു പോലും കാപ്‌സെ ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില കേസുകളില്‍ ആക്രമണം നടത്തിയ പോലിസുകാരെ ഇരകള്‍ കൃത്യമായി തിരിച്ചറിയുകയും വ്യക്തമായ തെളിവുകളും സാക്ഷികളെയും ഹാജരാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പോലിസ് ആ കേസുകള്‍ നടപടിയില്ലാതെ അവസാനിപ്പിച്ചതായി അഭിഭാഷകനായ ഷാകില്‍ അഹ്മദ് അറിയിച്ചു. താഹിര്‍ വാഗ്‌ലെയുടെ 17കാരനായ മകന്‍ ഷാനവാസിന്റെ കൊലപാതകം അത്തരത്തിലുള്ള ഒരു കേസാണ്. ക്രൂരമായ കൊലപാതകം എന്നാണു സംഭവത്തെക്കുറിച്ച് ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കേസന്വേഷണത്തില്‍ ഷാനവാസ് കലാപത്തിനിടെ കൊല്ലപ്പെട്ടതായാണ് അന്വേഷണ ഏജന്‍സികള്‍ വിധിയെഴുതിയത്. തന്റെ മകള്‍ യാസ്മിന്‍ അടക്കമുള്ളവര്‍ കൊലപാതകം നേരിട്ടു കണ്ടതായി താഹിര്‍ വാഗ്‌ലെ അറിയിച്ചു. എന്നാല്‍ യാസ്മിന്‍ നുണ പറയുകയാണെന്നായിരുന്നു പോലിസിന്റെ വാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss