|    Dec 18 Tue, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുംബൈ ആക്രമണം: പാകിസ്താന്‍ ആത്മാര്‍ഥത കാണിക്കണമെന്ന് ഇന്ത്യ

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നിരവധി പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആസൂത്രകരെ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ പാകിസ്താന്‍ ആത്മാര്‍ഥത കാണിക്കണമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലാണ് ഇന്ത്യ പാകിസ്താനെതിരേ രംഗത്തെത്തിയത്. 166 പേരുടെ മരണത്തിനു കാരണമായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സഹായിച്ചില്ലെന്നു മാത്രമല്ല, അവരെ സ്വതന്ത്രമായി വിടുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലാണ്. അക്രമികള്‍ എത്തിയത് പാകിസ്താന്റെ മണ്ണില്‍ നിന്നാണെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് വരെ സമ്മതിച്ചതാണ്. ഈ അക്രമികള്‍ ഇപ്പോഴും പാകിസ്താന്റെ തെരുവിലൂടെ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഇവരെ പിടികൂടുന്നതില്‍ പാകിസ്താന്‍ ആത്മാര്‍ഥത കാണിക്കണം. പാക് സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തോടുള്ള ബാധ്യത നിറവേറ്റണം.
പത്തു വര്‍ഷത്തിനു ശേഷവും 15 രാജ്യങ്ങളില്‍ നിന്നുള്ള 166 പേരുടെ കുടുംബാംഗങ്ങള്‍ നീതിക്കു വേണ്ടി കാത്തിരിപ്പു തുടരുന്നത് അതിതീവ്രമായ വേദനയാണ്. കുറ്റക്കാരെ പിടികൂടുന്നതിനും ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുക തന്നെ ചെയ്യും- വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പാകിസ്താന്‍ തയ്യാറാവണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലശ്കറെ ത്വയ്യിബയ്ക്കും സഹസംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്താനും മറ്റു രാജ്യങ്ങളും തയ്യാറാകണം. ആക്രമണം നടന്ന് പത്തു വര്‍ഷമായിട്ടും കുറ്റക്കാരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നത് ഇരകളോട് കാണിക്കുന്ന അനീതിയാണ്.
ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. അതേസമയം, ആക്രമണത്തില്‍ പങ്കെടുക്കുകയോ സഹായിക്കുകയോ ചെയ്തവരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ (35 കോടിയിലധികം രൂപ) അമേരിക്ക ഇനാം പ്രഖ്യാപിച്ചു. സ്‌റ്റേറ്റ് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് (ആര്‍എഫ്‌ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss