|    Jul 23 Mon, 2018 11:17 pm
FLASH NEWS

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് : കാംപയിന്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍

Published : 21st September 2017 | Posted By: fsq

 

കോട്ടയം: ജില്ലയിലെ ഒമ്പതിനും 15നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും മീസില്‍സ് റൂബെല്ല (എംആര്‍ വാക്‌സിനേഷന്‍) പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന കാംപയിന് ഒക്‌ടോബര്‍ മൂന്നിനു തുടക്കമാവും. അഞ്ചാംപനിയും റുബെല്ലയും രാജ്യത്തു നിന്ന് പൂര്‍ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അധിക ഡോസ് കാംപയിന്‍ യജ്ഞത്തിലൂടെ സംസ്ഥാനത്തെ ഒമ്പതു മാസത്തിനും 15 വയസ്സിനുമിടയിലുള്ള മുഴുവന്‍ കുട്ടികളെ ഒറ്റയടിക്ക് രോഗ പ്രതിരോധമുള്ളവരാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.മുമ്പ് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന പരിഗണന ഇല്ലാതെ എല്ലാ കുട്ടികളും കാംപയിന്‍ പിരീയഡില്‍ വാക്‌സിനേഷനു വിധേയരായി സമൂഹത്തില്‍ ഈ രോഗങ്ങള്‍ക്കെതിരേ പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രായപരിധിയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും മുമ്പ് മീസില്‍സ് റുബെല്ലാ രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന പരിഗണന ഇല്ലാതെ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.  ചെറിയ പനി, വയറിളക്കം, നേരിയ ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയുണ്ടെങ്കിലും കുട്ടികളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.ഒക്‌ടോബര്‍ മൂന്നു മുതലുള്ള രണ്ടാഴ്ചയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും തുടര്‍ന്ന് വരുന്ന രണ്ടാഴ്ചയില്‍ സ്‌കൂളുകളില്‍ എത്താത്തവരോ പ്രായം കുറഞ്ഞവരോ ആയ കുട്ടികള്‍ക്കായി അങ്കണവാടികള്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക കുത്തിവയ്പ്പു കേന്ദ്രങ്ങള്‍ ക്രമീകരിക്കും. ഇത് സംബന്ധിച്ച എഡിഎം കെ രാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. പ്രതാപചന്ദ്രന്‍ കാംപയിന്‍ പദ്ധതി അവതരിപ്പിച്ചു. ഡപ്യൂട്ടി ഡിഎംഒമാരായ ഡോ. രാജന്‍, ഡോ. എന്‍ പ്രിയ, ഡോ. വിദ്യാധരന്‍, ഡിപിഎം ഡോ. വ്യാസ് സുകുമാരന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss