|    Dec 14 Fri, 2018 5:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘മീശ ‘: പുസ്തകങ്ങള്‍ നിരോധിക്കുന്നതിനോട് യോജിക്കാനാവില്ല: സുപ്രിംകോടതി

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ ബാധിക്കുമെന്ന് സുപ്രിംകോടതി. എസ് ഹരീഷിന്റെ വിവാദ നോവലായ “മീശ’യുടെ പ്രസിദ്ധീകരണം തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ഹരജിയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് സുപ്രിംകോടതി നോട്ടീസയച്ചു. നോവലിലെ വിവാദ ഭാഗങ്ങള്‍ അഞ്ചുദിവസത്തിനകം വിവര്‍ത്തനം ചെയ്തു സമര്‍പ്പിക്കാനാണ് നോട്ടീസ്. സ്ത്രീകളെയും ഹിന്ദുമതത്തെയും അവഹേളിക്കുന്ന ഭാഗങ്ങളുള്ള നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാളാണ് ഹരജി നല്‍കിയത്. വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിനു പുറമേ കേന്ദ്രസര്‍ക്കാരിനും കേരളം, ഡല്‍ഹി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസയച്ചു. ഇന്നലെ ഹരജി പരിഗണിക്കവെ നോവല്‍ നിരോധിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന നിലപാടാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ ഹരജി പിന്‍വലിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഹരജിക്കാരനു വേണ്ടി ഹാജരായ ഗോപാല്‍ ശങ്കരനാരായണന്‍, നോവലിലെ ചില വരികള്‍ കോടതിയെ വായിച്ചുകേള്‍പ്പിച്ച ശേഷമാണ് വാദം തുടങ്ങിയത്.
ഇന്ത്യയില്‍ ഇതിനകം നിരവധി പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍, ഒരു ഖണ്ഡിക നീക്കംചെയ്യണമെന്നാണ് തന്റെ കക്ഷിയുടെ ആവശ്യമെന്നും ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.
പുസ്തകം നിരോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും അനുകൂലിച്ചില്ല. പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് പറഞ്ഞു. നോവലിലെ മൂന്ന് ഖണ്ഡികകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി അത് നിരോധിക്കണം എന്നാവശ്യപ്പെടുന്ന ഹരജിക്കാരന് രാഷ്ട്രീയതാല്‍പര്യമാണുള്ളതെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss