|    Jun 22 Fri, 2018 2:38 pm
FLASH NEWS

മീനച്ചിലാറിന്റെ തീരത്തെ കൈയേറ്റ ഭൂമിയിലെ സര്‍വേ നിര്‍ത്തിവച്ചു

Published : 29th October 2016 | Posted By: SMR

ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരപ്രദേശത്തെ കൈയേറ്റ ഭൂമി അളന്നു തിരിക്കുന്ന ജോലികള്‍ നിര്‍ത്തിവച്ചു. സര്‍വേയര്‍മാരുടെ കുറവ് താലൂക്കിലെ മറ്റ് സര്‍വേ ജോലികളെ ബാധിക്കുന്നെന്ന കാരണമാണ് അളക്കല്‍ നിര്‍ത്തി വയ്ക്കുന്നതിനു കാരണമായി അഡീഷനല്‍ തഹസില്‍ദാര്‍ പറഞ്ഞത്. പ്രതിസന്ധികളുണ്ടെങ്കിലും അവ തരണംചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് ഇദ്ദേഹം തന്നെയാണ് വ്യാഴാഴ്ച  പറഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ സര്‍വേ ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാരെ അഡീഷനല്‍ തഹസില്‍ദാര്‍ തിരിച്ചു വിളിക്കുകയായിരുന്നു. താലൂക്കില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് സര്‍വേയര്‍മാരെ തിരിച്ചുവിളിച്ചത്. താലൂക്ക് ഓഫിസില്‍ എത്തിയപ്പോഴാണു സര്‍വേ ജോലികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇവര്‍ അറിയുന്നത്. എന്നാല്‍ കലക്ടറോ മറ്റ് മേലധികാരികളോ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. പേരൂര്‍ പൂവത്തുംമൂട് കടവില്‍ നിന്ന് കിണറ്റിന്‍മൂട് വരെ 1.4 കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പുറമ്പോക്ക് ഭൂമി ബുധനാഴ്ചയാണ് അളന്നു തുടങ്ങിയത്. കയ്യേറ്റം കാര്യമായി നടക്കാത്ത ഭാഗമായിരുന്നു ഇന്നലെ ഉച്ചവരെ അളന്നത്. വിവാദമായ കൈയേറ്റ ഭൂമിയിലേക്കു കടക്കുന്നതിനു തൊട്ട് മുമ്പ് അളവ് നിര്‍ത്തിവച്ചത് സംശയമുണര്‍ത്തുന്നു. ഏറ്റുമാനൂര്‍ നഗരസഭയിലെ 18ാം വാര്‍ഡില്‍ പേരൂര്‍ വില്ലേജിലാണു വിവാദമായ കൈയേറ്റ ഭൂമി. വില്ലേജ് ഓഫിസര്‍ കൈയേറ്റം സാക്ഷ്യപ്പെടുത്തിയിട്ടും നടപടികളെടുക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാളിന്റെ പരാതിയില്‍ മന്ത്രിയും ലാന്‍ഡ് റവന്യു കമ്മീഷണറും ഇടപെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും സര്‍വേ ജോലികള്‍ ആരംഭിച്ചത്. ഒരിക്കല്‍ സര്‍വേയ്ക്ക് ഉത്തരവിട്ട അഡീഷനല്‍ തഹസില്‍ദാര്‍ തന്നെ കൈയേറ്റക്കാരുടെ അപേക്ഷയെ മാനിച്ച് അളക്കല്‍ മാറ്റിവച്ചത് അന്ന് പരാതിയ്ക്ക് ഇടവരുത്തിയിരുന്നു. നഗരസഭയും പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലറിന്റെ സഹോദരന്‍ കൈയേറ്റക്കാരില്‍ ഒരാളായതിനാലാണ് ഇതെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം സര്‍വേ ആരംഭിച്ചിട്ടും വാര്‍ഡ് കൗണ്‍സിലര്‍ സ്ഥലത്തെത്തി സഹകരിക്കാതെ മാറിനിന്നത് നാട്ടുകാരില്‍ സംശയം ഉണര്‍ത്തിയിരുന്നു. മാത്രമല്ല സര്‍വേ നിര്‍ത്തിവയ്പ്പിക്കാനുള്ള ശ്രമം നടക്കുന്നതായും ശ്രുതിയുണ്ടായിരുന്നു. സ്ഥലം അളക്കാനുള്ള ഒട്ടേറെ അപേക്ഷകള്‍ താലൂക്കില്‍ കെട്ടിക്കിടക്കുമ്പോള്‍ ആകെയുള്ള രണ്ട് സര്‍വേയര്‍മാരെ ഒരാഴ്ച മാറ്റി നിര്‍ത്താനാവില്ലെന്നാണു അഡീഷനല്‍ തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഹൈക്കോടതി വിധി അനുസരിച്ച് മീനച്ചിലാറിന്റെ പുറമ്പോക്ക് ഭൂമി മൊത്തം അളക്കുന്നതിന് പ്രത്യേക സംഘത്തെ സര്‍വേ ഡയറക്ടര്‍ നിയോഗിക്കുന്നുണ്ടെന്നും അപ്പോള്‍ മാത്രമേ പേരൂരിലെ വിവാദ ഭൂമിയും അളക്കൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിനെതിരേ നാട്ടുകാര്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പുറമ്പോക്ക് കൈയേറ്റത്തിനെതിരേ ഉടന്‍ നടപടിയെടുത്ത് റിപോര്‍ട്ട് നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും സര്‍വേ നിര്‍ത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss