|    Aug 23 Wed, 2017 7:09 pm
FLASH NEWS

മീനങ്ങാടിയില്‍ ഗുണഭോക്താക്കളെ വഞ്ചിച്ചതായി പരാതി

Published : 3rd August 2017 | Posted By: fsq

 

കല്‍പ്പറ്റ: മീനങ്ങാടി ഗ്രാമപ്പഞ്ചായത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ അപേക്ഷിച്ച ഗുണഭോക്താക്കളെ ഗ്രാമപ്പഞ്ചായത്തും സര്‍ക്കാരും വഞ്ചിച്ചതായി മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളും ജനപ്രതിനിധിളും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 19 വാര്‍ഡുകളിലായി ഏകദേശം 2500ഓളം ഗുണഭോക്താക്കളാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, അര്‍ഹരായ പാവപ്പെട്ട ആളുകളെ തഴഞ്ഞ് അനര്‍ഹരെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തത്. സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ ശുപാര്‍ശയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ പോഷക സംഘടനയായി അധപ്പതിച്ച കുടുംബശ്രീ സിഡിഎസിലെ ചിലരുടെ ഒത്താശയോടെയും കൂടിയാണ് ലിസ്റ്റ് അട്ടിമറിച്ചത്. ഓരോ വാര്‍ഡിലും നൂറിലധികം പേരാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചത്. എന്നാല്‍, ലിസ്റ്റ് പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ പല വാര്‍ഡുകളിലും കേവലം രണ്ടോ മൂന്നോ പേര്‍ മാത്രമാണ് ലിസ്റ്റിലുള്ളത്. ചില വാര്‍ഡുകളില്‍ ഒരാള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഭരണതലത്തിലെ തലപ്പത്തുള്ളവരുടെ വാര്‍ഡുകളില്‍ കൂടുതല്‍ പേര്‍ കടന്നുകൂടിയത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. ഗ്രാമപ്പഞ്ചായത്തില്‍ 2500ഓളം പേര്‍ ഭവനനിര്‍മാണത്തിന് അപേക്ഷിച്ചപ്പോള്‍ കേവലം 300ല്‍ താഴെ ആളുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളത്. ഇതില്‍ തന്നെ അര്‍ഹതയുള്ളവര്‍ തഴയപ്പെടുകയും അനര്‍ഹരായ നിരവധി പേര്‍ കടന്നുകൂടുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.  ഇതിനുള്ളില്‍ സര്‍ക്കാര്‍ പലതവണ മാര്‍ഗരേഖയിലെ മാനദണ്ഡം മാറ്റി നിമിഷംപ്രതി ഉത്തരവിറക്കുന്നതിനാല്‍ ഇതില്‍ ഏതു നിര്‍ദേശം പാലിക്കണമെന്നറിയാതെ ഉദ്വോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ഭവനനിര്‍മാണ ലിസ്റ്റിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്‌ഷോഭം സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ബേബി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മിനി ജോണ്‍സന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മിനി സാജു, ശോഭന സുബ്രഹ്മണ്യന്‍, ഉഷ രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട്, പി ഡി ജേസഫ്, റോബിന്‍ ജോസഫ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക