|    Aug 20 Sun, 2017 9:02 pm
FLASH NEWS

മീഞ്ചന്ത ഗവ.കോളജ് : ശോച്യാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോഴിക്കോട്ടെ മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ 8.85 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. 50 വര്‍ഷം പഴക്കമുള്ള കോളജ് ശോച്യാവസ്ഥയിലാണ്. 1963ല്‍ നിര്‍മിച്ച കെട്ടിടത്തിലാണ് 13 ബ്ലോക്കിലെ ഒമ്പതു ബ്ലോക്കും പ്രവര്‍ത്തിക്കുന്നത്. പ്രധാന കെട്ടിടം നവീകരിക്കുന്നതിന് 92 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന് 1,200 ലക്ഷത്തിന്റെ സാങ്കേതികാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. വി കെ സി മമ്മദ് കോയയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വികെസി മമ്മദ് കോയ സബ്മിഷന്‍ അവതരിപ്പിച്ചതിനു പിന്നാലെ വിഷയത്തില്‍ ഇടപെട്ട് എം കെ മുനീറും സംസാരിച്ചു. തന്റെ മണ്ഡലത്തിലാണ് കോളജെന്നും വികെസി  ഈ വിഷയം ഉന്നയിച്ചത് ശരിയായില്ലെന്നും മുനീര്‍ പറഞ്ഞു. കോളജിന് 12 കോടിയുടെ പുതിയ കെട്ടിടം നിര്‍മിച്ചുവരികയാണ്. 100 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയാണ്. കോളജ് വികസനത്തില്‍ അങ്ങേയറ്റം കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. എന്നിട്ടും തൊട്ടടുത്ത മണ്ഡലത്തിലെ എംഎല്‍എ ഈ വിഷയം സഭയില്‍ അവതരിപ്പിച്ചതു മോശം കീഴ്‌വഴക്കമാണ്. മണ്ഡലത്തിലെ എംഎല്‍എ ഒന്നും ചെയ്യുന്നില്ലെന്നാണ് പറയുന്നതെന്നും മുനീര്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ ബേപ്പൂരിലെ ഓട് ഫാക്ടറിയുമായി ബന്ധപ്പെട്ട് താനും സബ്മിഷന്‍ കൊണ്ടുവരട്ടെയെന്നും മുനീര്‍ പറഞ്ഞു. കോളജിന്റെ ഒരുഭാഗം തന്റെ മണ്ഡലത്തിലെന്നാണ് വികെസി മറുപടി നല്‍കിയത്. എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കത്തിലേക്ക് പോവേണ്ടെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക