|    Jan 22 Sun, 2017 11:17 am
FLASH NEWS

മിസ് മെട്രോ രാഷ്ട്രീയത്തിലേക്ക്

Published : 18th August 2015 | Posted By: admin

Thu, 30 Jul 2015 10:30:12 +0000

ഡി പ്രദീപ്കുമാര്‍

‘ങേ! ഇതെന്ത് രാവിലെ കടുവാക്കളിക്ക് പോണോടീ! ഇതാ ഫാഷന്‍ ഷോയില്‍ കാണുന്ന മിഡിയല്ലേ… കുട്ടിയുടുപ്പിടാന്‍ പറ്റിയ പ്രായം!”
”എന്തേ പിടിച്ചില്ലേ? നോക്ക് ഇങ്ങോട്ട് കണ്ണുതുറന്ന് നോക്ക്! ഇത് നല്ല ഒന്നാന്തരം ഖദറില്‍ തയ്പ്പിച്ചെടുത്ത മിഡിയാ. അകത്തൊള്ളതും ഖദറാ. മനസ്സിലായോ?”
”അയ്യയ്യോ! നീയിതെന്തിന്റെ പുറപ്പാടാ? മൊഖത്തൊക്കെ ചായമടിച്ച്… കുട്ടിയുടുപ്പുമിട്ട്… ങേ! ഇവള്‍ക്കിതെന്നാപറ്റി?”
”എടീ ഇത് മയിലാഞ്ചീം ചെമ്പരത്തിപ്പൂവും കൂടി അരച്ചതാ… അല്ലാതെ നെന്റെ കൂട്ട് വലിയ കാശുകൊടുത്ത് കെമിക്കല്‍ വാങ്ങി മുഖത്ത് തേച്ച് തൊലിപൊള്ളിക്കുന്ന ഏര്‍പ്പാടല്ല. എടീ നോക്ക്… നമുക്ക് ഈ പ്രായത്തില്‍ ദേശസ്‌നേഹം വേണം. എല്ലാം നാടനായിരിക്കണം. അമിത വസ്ത്രം തീരെ പാടില്ല. കഴിയുന്നതും കുറച്ച്. വളരെ കുറച്ച്. ദാ കണേ്ടാ എന്നെപ്പോലെ. മുടിപോലും നീട്ടിവളര്‍ത്തരുത്. ഇങ്ങനെ ക്രോപ്പ് ചെയ്യണം. ഛേ! ഇങ്ങനെ മുട്ടുവരെ മുടി നീട്ടിവളര്‍ത്തി ധനനഷ്ടോം സമയനഷ്ടോമുണ്ടാക്കരുത്.”
”മതി… മതി… ങേ! ഇവളിതെന്ത് വായില്‍കൊള്ളാത്ത വര്‍ത്തമാനങ്ങള്‍ പറയുന്നു! കഴിഞ്ഞ ദിവസം വരെ സീരിയലും റിയാലിറ്റി ഷോയും മാത്രം കണ്ട് അതിന്റെ വിശേഷോം പറഞ്ഞു നടന്നവള്‍ ദേ, പറയുന്നതു കേട്ടില്ലേ… ദേശസ്‌നേഹം, സമയനഷ്ടം… ങേ! നീ വല്ല പ്രസംഗമല്‍സരത്തിനും പോവുന്നുണേ്ടാ?”
”എന്താ എനിക്ക് പ്രസംഗിച്ചുകൂടേ?”
”ഇന്നലെ വരെ നിനക്ക് ഈ പ്രസംഗക്കാരെ എന്തൊരു പുച്ഛമായിരുന്നു. ടീവീല് എലക്ഷന്‍ കാലത്ത് ചര്‍ച്ചയോ മറ്റോ കാണിച്ചാലുടന്‍ ഓഫ് ചെയ്ത് സീരിയല്‍ വയ്ക്കണോളാ പ്രസംഗിക്കാന്‍ പോണത്!”
”അതേയ്, ഞാന്‍ പ്രസംഗിക്കുക മാത്രമല്ല, വേറെ പലതും ഇനി ചെയ്യും. നീ കണേ്ടാടീ.”
”പേപ്പറില്‍ പേരും ചാനലില്‍ ഷൂട്ടും വരാനാണെങ്കി, രണ്ടു പെഗ്ഗടിച്ച് നിന്റെ ടൂവീലറില്‍ റോഡിലിറങ്ങി ഒരു ഷോ നടത്തടീ. ആലപ്പുഴേലും കായംകുളത്തുമൊക്കെ അങ്ങനെ നടത്തിയവളുമാരെക്കുറിച്ച് വായിച്ചില്ലേടീ മോളേ നീയ്?”
”അതേ, കൂടുതലൊന്നും വിളമ്പണ്ട. ഇതൊന്നുമില്ലാതെ എന്റെ പടം വരും. ചാനലുകാരും പത്രക്കാരും എന്റെ പിറകേ നടക്കും. നീ കണേ്ടാ.”
”എടീ… നീ വല്ല അതിക്രമോം ചെയ്യാന്‍ പോവാണോ? കോളജ്‌ഡേക്ക് സൂപ്പര്‍സ്റ്റാറിനെ കെട്ടിപ്പിടിച്ച വിത്തല്ലേ നീ. സത്യം പറ. അതോ നിന്റെ കൂട്ടുകാരി, ആ തെറിച്ചവള്‍ ചെയ്തപോലെ ടോപ്‌ലെസ്സായി കാംപസിലൂടെ ഓടാമെന്ന് ബെറ്റ് വച്ചിട്ടൊണേ്ടാ?”
”ഞാനതൊക്കെ നിര്‍ത്തി. ഇനി രാഷ്ട്രീയത്തിലിറങ്ങാന്‍ പോവാ.”
”ഹാ… ഹാ…! നീയ്… രാഷ്ട്രീയത്തിലോ? തമാശ പറയാതെടീ. നിന്നെപ്പോലുള്ള എഫ്.ടി.വി. പീസുകള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ ങാ, കാണാന്‍ വായിനോക്കികള്‍ കൂടും. പക്ഷേ, എലക്ഷനു നിന്നാ കെട്ടിവച്ച കാശു കിട്ടത്തില്ല, മോളേ.”
”അതൊക്കെ പണ്ട്. ഇപ്പഴേയ് ഗ്ലാമറുള്ളവര്‍ക്ക് വന്‍ ഡിമാന്‍ഡാ. എന്നെപ്പോലെ കാണാന്‍ കൊള്ളാവുന്ന അടിപൊളി പെമ്പിള്ളേര് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഇവിടം ഇളകും. നീ നോക്കിക്കോ. ഞാനേ നേരെ പാരച്യൂട്ടില്‍ ഇവിടെ എറങ്ങും. ആദ്യം മുനിസിപ്പാലിറ്റിയിലേക്ക്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇത്തവണ സ്ത്രീസംവരണമാ. പിന്നെ, അടുത്ത എലക്ഷനില്‍ അസംബ്ലീല്‍ സ്ഥാനാര്‍ഥിയാവും. ജയിച്ച് മന്ത്രീമാകും.”
”കൊള്ളാം മോളെ, നിന്റെ മോഹം. പക്ഷേ, അതു നടക്കത്തില്ല. വേണ്ട മോളേ, വേണ്ട മോളേ, അതിമോഹം വേണ്ട മോളേ.”
”നീ നോക്കടീ… ഞാന്‍ പുല്ലുപോലെ പാസാകും. മിസ് ഫോട്ടോജനിക്, മിസ് മെട്രോ 2015, മിസ് ഫാഷനബിള്‍ ഒക്കെ ആയ ഈ ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ മിന്നും. നീ നോക്കിക്കോ. അപ്പം ബൈ ബൈ… എനിക്ക് അല്‍പ്പം റഫര്‍ ചെയ്യാനുണ്ട്. കുറച്ചുകൂടി നോക്കണം.”
”എടീ മോളേ… നീയി മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ അറിയുമോ?”
”ഹൂ ഈസ് ഹീ? അങ്ങേര് ഈ ഇന്ദിരാഗാന്ധീടെ ആരാ? ഗ്രാന്റ്പാ? അപ്പൂപ്പന്‍?”
”ന്റമ്മോ! അമ്പടി കേമീ! നിനക്ക് ഇപ്പോ രാഷ്ട്രീയത്തില്‍ അപാരഭാവിയുണെ്ടടീ. നിന്നെപ്പോലുള്ളവരുടെ രാജയോഗമാ ഇനി! ബെസ്റ്റ് ഓഫ് ലക്ക്.”

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക