|    Nov 18 Sat, 2017 5:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മിസോറാം ലോട്ടറി നിര്‍ത്തിവയ്ക്കണമെന്ന് ജിഎസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: മിസോറാം ലോട്ടറി വിതരണം കേരളത്തില്‍ നിര്‍ത്തിവയ്ക്കണമെന്ന് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. മിസോറാം ലോട്ടറിയുടെ ഏജന്‍സി എടുത്തവര്‍ക്ക് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം കൂടി നല്‍കി. കേരളത്തില്‍ മിസോറാം ലോട്ടറിയുടെ മൊത്തവിതരണത്തിന് രജിസ്‌ട്രേഷനെടുത്ത ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമകള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡല്‍ഹി സ്വദേശി മേത്ത, കണ്ണൂര്‍ സ്വദേശി ഗിരീഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് അനധികൃത ലോട്ടറി വില്‍പനയ്ക്കു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ജൂലൈ 31ന് ലോട്ടറി വിതരണം ആരംഭിച്ച് ഏഴിന് നറുക്കെടുപ്പ് നടത്താനായിരുന്നു വിതരണക്കാരുടെ തീരുമാനം. തുടര്‍ന്നുള്ള ഓരോ ദിവസവും നറുക്കെടുപ്പ് നടത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ പത്രപ്പരസ്യത്തിനുള്ള നടപടികളും വിതരണക്കാര്‍ സ്വീകരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതു നടപ്പാവില്ല. അതേസമയം, മിസോറാം ലോട്ടറി വില്‍പനയില്‍ 11,508 കോടിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടുന്ന 2016ലെ കേന്ദ്ര സിഎജി റിപോര്‍ട്ട് മിസോറാം ലോട്ടറിയുടെ നിലനില്‍പ്പിനു തന്നെ തിരിച്ചടിയാവും. റിപോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തു നല്‍കി. 2012-13 മുതല്‍ 2014-15 വരെ കാലയളവില്‍ മൂന്നു വര്‍ഷത്തേക്ക് മിസോറാം ലോട്ടറി വിതരണം ചെയ്യുന്നതിന് മിനിമം ഗ്യാരന്റി റവന്യൂ (എംജിആര്‍) സംവിധാനം അനുസരിച്ച് 25.45 കോടി മാത്രമാണ് മിസോറാം സര്‍ക്കാരിന് ലഭിച്ചത്. 11,834.22 കോടി രൂപ വിറ്റുവരവുള്ള ലോട്ടറി വിതരണത്തില്‍ 11,808.77 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സിഎജി കണ്ടെത്തല്‍. അതേസമയം, സര്‍ക്കാര്‍ ഭീഷണിക്കിടയിലും മിസോറാം ലോട്ടറി വിപണിയില്‍ രഹസ്യവില്‍പന നടക്കുന്നതായി ലോട്ടറി വില്‍പനക്കാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക