|    Nov 18 Sun, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മിസോറാം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ മാറ്റാന്‍ പ്രതിഷേധം

Published : 7th November 2018 | Posted By: kasim kzm

ഐസ്വാള്‍: മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എസ് ബി ശശാങ്കിനെ സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ അദ്ദേഹത്തിന്റെ ഓഫിസ് ഉപരോധിച്ചു. പൗരസമൂഹ സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ഏകോപനസമിതിയുടെ ആഹ്വാനപ്രകാരമായിരുന്നു ഉപരോധം.
പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) ലാല്‍ നമവാല ചുവാങ്കൊയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയതാണ്് പ്രതിഷേധത്തിനു കാരണം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചുവാങ്കൊ ഇടപെടുന്നുണ്ടെന്ന് ശശാങ്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ശശാങ്കില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ മാറ്റുകയാണ് ഏക മാര്‍ഗമെന്നും മുഖ്യമന്ത്രി ലാല്‍ത്തര്‍ ഹാവ്‌ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. ശശാങ്ക് തിങ്കളാഴ്ചയ്ക്കകം സ്ഥാനം ഒഴിയണമെന്ന് സംഘടനകള്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം തുടങ്ങിയത്. സംസ്ഥാനത്തെ ബ്രു അഭയാര്‍ഥികളെ അനുകൂലിക്കുന്ന ശശാങ്ക് മിസോറാം ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാണ് ആരോപണം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സംഘം മിസോറാമിലെത്തി. ഇതേത്തുടര്‍ന്ന് ശശാങ്കിന്റെ ഓഫിസ് ഉപരോധം പ്രക്ഷോഭകര്‍ പിന്‍വലിച്ചു. നീതിപൂര്‍വമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഏകോപനസമിതി ചെയര്‍മാന്‍ വന്‍ലാല്‍ റുവാത്ത പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss