|    May 30 Tue, 2017 7:05 am
FLASH NEWS

മിഷേലിന്റെ ഫോണിനായി കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി

Published : 21st March 2017 | Posted By: fsq

 

കൊച്ചി: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍  കൊച്ചി കായലില്‍ തിരച്ചില്‍ നടത്തി. മിഷേല്‍ കായലില്‍ ചാടുന്നതിന് തൊട്ടുമുമ്പ് കണ്ടതായി ദൃക്‌സാക്ഷി മൊഴിനല്‍കിയ ഗോശ്രീ രണ്ടാംപാലത്തിന്റെ കൈവരിയുടെ വിടവുള്ള ഭാഗത്തിന്റെ അടിയിലായിരുന്നു തിരച്ചില്‍. തോപ്പുംപടി മുണ്ടംവേലിയിലുള്ള ഇന്റര്‍ഡൈവ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്ന സ്വകാര്യ ഡൈവിങ് സ്ഥാപനത്തില്‍നിന്നുള്ള നീന്തല്‍വിദഗ്ധരാണ് തിരച്ചിലില്‍ പങ്കെടുത്തത്. സ്ഥാപനത്തിന്റെ ഉടമയും പരിശീലകനുമായ വില്‍ഫ്രഡ് സി മാനുവലിന്റെ നേതൃത്വത്തിലുള്ള ഏഴുപേരടങ്ങുന്ന സംഘം രാവിലെ 10.30  മുതല്‍ വൈകീട്ട് 5.20 വരെ തിരച്ചില്‍ നടത്തി. 25 മീറ്റര്‍ ആഴത്തില്‍ 100 മീറ്റര്‍ ചുറ്റളവില്‍ സംഘം കായല്‍ അരിച്ചുപെറുക്കി. കായലിന്റെ അടിത്തട്ട് ദൃഢമായതിനാല്‍ ഫോണ്‍ ചളിയില്‍ ആഴ്ന്നുപോയിട്ടില്ലെന്നാണ് നീന്തല്‍സംഘം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. ഫോണ്‍ മറ്റെവിടേക്കെങ്കിലും ഒഴുകിപ്പോയിരിക്കാനാണ് സാധ്യതയെന്ന് നീന്തല്‍സംഘം വ്യക്തമാക്കി. തിരച്ചിലിന്റെ റിപോര്‍ട്ട് ഇന്നലെ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറി. കായലിനടിയില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇന്ന് കൈമാറും.അതേസമയം, മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ജോലിചെയ്തിരുന്ന ഛത്തീസ്ഗഡിലെ സ്ഥാപനത്തില്‍ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പുറപ്പെട്ടു. സുരക്ഷാകാരണങ്ങളാല്‍ ക്രോണിനെ തെളിവെടുപ്പിന് കൊണ്ടുപോയിട്ടില്ല. ക്രോണിനെ ഇന്നലെ മിഷേലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തതായും സൂചനയുണ്ട്. ക്രോണിന്റെ അമ്മയെ ഉടന്‍ ചോദ്യംചെയ്യും. ക്രോണിനെ അന്വേഷണസംഘം ചില സ്ഥലങ്ങളില്‍ അതീവരഹസ്യമായി തെളിവെടുപ്പിനു കൊണ്ടുപോയതായും അറിയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day