|    Jan 24 Tue, 2017 6:23 am

മിഷന്‍ പ്ലസ്‌വണ്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Published : 25th May 2016 | Posted By: SMR

കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗജന്യ സേവനം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതി മിഷന്‍ പ്ലസ്‌വണ്ണിന് ജില്ലയില്‍ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ അറിവ് നേടിയാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പിന്നാക്കാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതലുള്ള ജില്ലയില്‍ പത്താംതരം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് യോഗ്യത നേടിയാലും തുടര്‍വിദ്യാഭ്യാസം സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി വിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ പദ്ധതിയെന്ന നിലയിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും അവര്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി മുഖ്യപ്രഭാഷണം നടത്തി. മനോജ് ജോണ്‍ ഏകജാലക സംശയ ദൂരീകരണ സെമിനാര്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക പദ്ധതിയാണ് മിഷന്‍ പ്ലസ് വണ്‍. ജില്ലയില്‍ ഇത്തവണ 1,2000ത്തോളം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുന്നതിനാലും രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ കാരണവും നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്ലസ്‌വണ്‍ അഡ്മിഷന്‍ നഷ്ടമാവുന്നത്. അതിനാല്‍ ജില്ലയിലെ പത്താംതരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റി പ്ലസ്‌വണ്‍ പ്രവേശനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉപരിപഠനത്തിന് യോഗ്യത നേടിയ പട്ടികജാതി-വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലേതടക്കം മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ പൂര്‍ത്തിയാക്കും.
കൃത്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി കരിയര്‍-സൗഹൃദ കോ-ഓഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും സേവനവും രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ സൗജന്യ സേവനവും ലഭ്യമാവും. ജില്ലയിലെ എല്ലാ മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും സേവനം ലഭിക്കും.
സേവനം നല്‍കുന്നതിന് ഓരോ സെന്ററുകളിലും അസാപ് ഫ്രണ്ട് ഓഫിസ് ട്രെയിനികള്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടികവര്‍ഗ വികസനവകുപ്പ്, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാവും. ഏകദേശം 90ഓളം മിഷന്‍ പ്ലസ്‌വണ്‍ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയിട്ടുള്ളത്. 31 വരെ അപേക്ഷിക്കാം.
ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്‌മെന്റ് 13നും പ്രസിദ്ധീകരിക്കും. പ്ലസ്‌വണ്‍ ക്ലാസുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. മിഷന്‍ പ്ലസ് വണ്‍ പദ്ധതി വിജയകരമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെഅസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓഡിനേറ്റര്‍ താജ് മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ കെവര്‍ഗീസ്, അബ്ദുല്‍ അസീസ്, ഷൈമ ടി ബെന്നി, എ കെ കരുണാകരന്‍, യു സി ചന്ദ്രിക, സുധാദേവി, കോ-ഓഡിനേറ്റര്‍മാരായ സി ഇ ഫിലിപ്, കെ ബി സിമില്‍, ട്രെയിനര്‍ മനോജ് ജോണ്‍ എന്നിവരടങ്ങുന്ന മോണിറ്ററിങ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ്, ട്രൈബല്‍ വയനാട് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരന്‍, പി ഇസ്മായില്‍, പിടിഎ പ്രസിഡന്റ് കുഞ്ഞമ്മദ്, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ ബിബിന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക