|    Dec 15 Sat, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മിശ്രയുടെ കാലത്ത് സുപ്രിംകോടതി ശരിയായ ദിശയിലായിരുന്നില്ല

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ സുപ്രിംകോടതി ശരിയായ ദിശയിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. അതിനാലാണ് ജനുവരി 12ന് തങ്ങള്‍ ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവം ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സുപ്രിംകോടതി ശരിയായ ദിശയിലല്ല മുന്നോട്ടുപോവുന്നതെന്ന് തങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് തെളിവായി വിവിധ വിഷയങ്ങള്‍ തങ്ങള്‍ അദ്ദേഹത്തെ നേരിട്ടും കത്തു മുഖേനയും അറിയിച്ചിരുന്നു. എന്നാല്‍, യാതൊരു ഫലവും കാണാതായതോടെയാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ബന്ധിതരായത്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ രണ്ടു കാവല്‍നായകളില്‍ ഒന്നാണ്. ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ചതില്‍ ഖേദമില്ലെന്നും കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തിനുശേഷം ജുഡീഷ്യറിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഉന്നത നീതിപീഠങ്ങളില്‍ അഴിമതിയുണ്ടെന്നത് തനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. കീഴ്‌ക്കോടതികളില്‍ ഉണ്ടായേക്കാം. അവ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്.
ജഡ്ജിമാരുടെ വിരമിക്കല്‍പ്രായം 65ല്‍ നിന്ന് 70 ആക്കി ഉയര്‍ത്തണമെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ജഡ്ജിമാരുടെ അനുഭവജ്ഞാനം പരമാവധി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss